പ്രസിദ്ധമായ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദര്‍ശനം നടത്തി. ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് മോദി തൃപ്രയാറിലെത്തിയത്.
തൃപ്രയാറിലെത്തിയ പ്രധാനമന്ത്രി സോപനത്തിൽ നറുനെയ്യും താമരപ്പൂക്കളും അദ്ദേഹം സമർപ്പിച്ചു. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മീനൂട്ട് നടത്തിയ ശേഷമാണ് അദ്ദേഹം ദർശനം പൂർത്തിയാക്കിയത്. ക്ഷേത്രക്കുളത്തിലാണ് മീനൂട്ട് വഴിപാട് നടത്തുന്നത്. ഒരു മണിക്കൂറിലധികം സമയം പ്രധാനമന്ത്രി ക്ഷേത്രത്തിൽ ചെലവഴിച്ചു. ക്ഷേത്രത്തിലെ ബ്രഹ്‌മസ്വം മഠത്തിലെ വിദ്യാർത്ഥികളുടെ വേദ പാരായണം, ഭജന എന്നിവ വീക്ഷിക്കാനും അദ്ദേഹം എത്തി. കനത്ത സുരക്ഷയാണ് പ്രധാനമന്ത്രി സന്ദർശനത്തൊടനുബന്ധിച്ച് തൃപ്രയാറിൽ ഏർപ്പെടുത്തിയത്.
ക്ഷേത്ര തന്ത്രിയായ തരണനെല്ലൂർ പടിഞ്ഞാറെ മന പത്മനാഭൻ നമ്പൂതിരിപ്പാടാണ് പ്രധാനമന്ത്രിയെ ക്ഷണിച്ചത്. ദ്വാപരയുഗത്തില്‍ ദ്വാരകയില്‍ ശ്രീകൃഷ്ണഭഗവാന്‍ ആരാധിച്ചിരുന്ന ചതുര്‍ബാഹുവായ വൈഷ്ണ വിഗ്രഹമാണ് തൃപ്രയാറില്‍ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നാണ് വിശ്വാസം. ജനുവരി ഒന്നിന് അയച്ച കത്തിൽ ശ്രീകൃഷ്ണൻ പൂജിച്ച വിഗ്രഹമാണ് പ്രതിഷ്ഠയെന്നാണ് വിശ്വാസമെന്നും ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്‌നൻ എന്നിവരുടെ വിഗ്രഹങ്ങൾ ഒരേസമയം കടലിൽ നിന്ന് ലഭിച്ച് പ്രതിഷ്ഠിച്ചതാണെന്നും പ്രതിപാദിച്ചിരുന്നു. തുടർന്നാണ് അയോധ്യ പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി ഇവിടെ ദർശനത്തിന് എത്താൻ പ്രധാനമന്ത്രി തീരുമാനിച്ചത്.
ക്ഷേത്രത്തിലെത്തിയ മോദി തൃപ്രയാര്‍ തേവരെ വണങ്ങിയ ശേഷം പ്രധാന വഴിപാടായ മീനൂട്ടും നടത്തി. പ്രധാനമന്ത്രിയെ കാണാൻ വൻജനവലിയാണ് വഴിയരികിൽ തടിച്ചു കൂടിയത്. ഗുരുവായൂരില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം വലപ്പാട് സ്കൂള്‍ മൈതാനത്തെത്തിയ മോദി റോഡ് മാര്‍ഗം തൃപ്രയാര്‍ ക്ഷേത്രത്തിലെത്തി ചേര്‍ന്നു.