വിഴിഞ്ഞം തുറമുഖ നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഇന്നലെയുണ്ടായ സംഘര്‍ഷത്തിൽ കണ്ടാലറിയുന്നവരെ പ്രതികളാക്കി പോലീസ് കേസെടുത്തു. സമര സമിതിക്കെതിരെ വധശ്രമത്തിന് കേസുണ്ട്. പോലീസ് മൊത്തം 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തുറമുഖ അനുകൂല സമിതി പ്രവർത്തകന്‍റെ തല അടിച്ചു പൊട്ടിച്ചതിനാണ് കേസ്. വിഴിഞ്ഞം സമരസമിതിക്ക് നേതൃത്വം നല്‍കുന്ന ഫാ.യൂജിൻ പെരേര അടക്കം വൈദികരും കേസില്‍ പ്രതികളാണ്. കേസിനെ ഭയക്കുന്നില്ലെന്നും നിയമപരമായി നേരിടുമെന്നും ഫാ. യൂജിൻ പെരേര വ്യക്തമാക്കി. തുറമുഖ നിർമ്മാണത്തെ അനുകൂലിക്കുന്ന ജനകീയ സമരസമിതിക്കെതിരെ ഒരു കേസും രജീസറ്റര്‍ ചെയ്തിട്ടുണ്ട്. തലക്ക് പരിക്ക് പറ്റിയ വിനു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഉപരോധ സമരം ഇന്ന് 104ആം ദിനമാണ്. വിഴിഞ്ഞം തുറമുഖ സമരം തുടരണം എന്നാഹ്വാനം ചെയ്ത് തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ ഇന്നും സർക്കുലർ വായിച്ചു. ഓഖി വർഷികമായ 29ന് വീടുകളിൽ മെഴുകുതിരി കത്തിക്കണം എന്നും വിഴിഞ്ഞം തുറമുഖ കവാടത്തിലെ സമരപ്പന്തലിലെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കണം എന്നും സർക്കുലറിൽ ആഹ്വാനം ഉണ്ട്. തുറമുഖ കവാടത്തിലെ സമരപ്പന്തലിലെ ഡിസംബർ 11 വരെയുള്ള സമരക്രമവും സർക്കുലറിൽ വായിക്കും. ഇത് ഏഴാം തവണയാണ് വിഴിഞ്ഞം സമരത്തോട് അനുബന്ധിച്ച് പള്ളികളിൽ സർക്കുലർ വായിക്കുന്നത്.
അതിനിടെ വിഴിഞ്ഞം ഉപരോധ സമരത്തില്‍ നിർണായക നിലപാടുമായി സർക്കാർ രംഗത്തെത്തി. തുറമുഖ നിര്‍മ്മാണം വൈകുന്നതുമൂലമുള്ള നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്ന് തന്നെ ഈടാക്കും. ഈ നിലപാട് ഹൈക്കോടതിയെ അറിയിക്കും. വിഴിഞ്ഞം തുറമുഖ നിര്‍മാണം വൈകുന്നതിലൂടെ പ്രതിദിന നഷ്ടം 2 കോടിയും ആകെ നഷ്ടം 200 കോടിക്ക് മുകളിലുമാണെന്നാണ് വിലയിരുത്തല്‍.