ഭാരത് ജോഡോ യാത്രാ കണ്ടെയ്നറിൽ ഇന്റലിജൻസ് പരിശോധന നടത്തിയതായി കോൺഗ്രസ് പരാതിപ്പെട്ടു. ദില്ലി- ഹരിയാന അതിർത്തിയിൽ വെള്ളിയാഴ്ച രാവിലെ യാത്ര ദില്ലിയിൽ പ്രവേശിക്കുന്നതിന് തൊട്ടു മുൻപാണ് സംഭവം നടന്നത്. ഗാന്ധിയുടെ യാത്രാപദ്ധതികളും മറ്റ് പരിപാടികളുമടക്കം ആസൂത്രണം ചെയ്യുന്ന സംഘം സഞ്ചരിച്ചിരുന്ന കണ്ടെയ്നർറിന് ഉള്ളിലാണ് ഒരു മുന്നറിയിപ്പും കൂടാതെ പരിശോധന നടത്തിയതെന്നാണ് കോൺഗ്രസ് നൽകിയ പരാതി. പരിശോധന നടത്തിയ മൂന്ന് പേരെ പിടികൂടി സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറിയെന്നും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർ ഇന്റലിജിൻസ് ഉദ്യോഗസ്ഥർ ആണെന്ന് മനസിലായതായും കോൺഗ്രസ് പറയുന്നു.
ഇതിന് പിന്നാലെ രാഹുൽ സംസാരിക്കുന്നവരെ തിരഞ്ഞു പിടിച്ച് രാഹുൽഗാന്ധിക്കു വരുന്ന കത്ത്, നിവേദനം തുടങ്ങിയവയുടെ ഉള്ളടക്കം, ആരാണ് ഗാന്ധിയെ കാണാൻ വന്നത് എന്താണ് അവർ തമ്മിൽ സംസാരിച്ചത് തുടങ്ങിയ കാര്യങ്ങളുടെ വിശദവിവരങ്ങൾ അന്വേഷിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് ഹരിയാന സേനസിറ്റി പോലീസിൽ പരാതി നൽകിയിട്ടുള്ളത്.
ഇതിനിടെ മുൻപ്രധാന മന്ത്രിമാരുടെ സമാധി സ്ഥലങ്ങൾ സന്ദർശിച്ച രാഹുൽ, എ ബി വാജ്പേയ് യുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയത് പുതിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. ഒപ്പം തന്നെ നിതിൻ ഗഡ്കരി, വെങ്കയ്യ നായിഡു, രാജ്നാഥ് സിംഗ് എന്നീ കേന്ദ്ര മന്ത്രിമാരെ ഭാരത് ജോഡോ യാത്രയിലേക്ക് രാഹുൽ ക്ഷണിച്ചിട്ടുമുണ്ട്. രാജസ്ഥാൻ മദ്യപ്രദേശ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നീക്കമാണ് രാഹുൽഗാന്ധി നടത്തുന്നതെന്നും റിപ്പോർട്ട് ഉണ്ട്.