തിരുവനന്തപുരം വർക്കലയിൽ പതിനേഴുകാരിയെ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി. വടശ്ശേരി സംഗീതാനിവാസിൽ സംഗീത (17) ആണ് മരിച്ചത്. സംഭവത്തിൽ പള്ളിക്കൽ സ്വദേശി ഗോപുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഗീത മൃഗീയമായി കൊല്ലപ്പെട്ടത്. കഴുത്തറുത്ത നിലയിലാണ് സംഗീതയെ കണ്ടെത്തിയത്. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ കാമുകനായ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രണയത്തിൽനിന്നും സംഗീത പിന്മാറിയതാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. മറ്റൊരു നമ്പറിൽനിന്ന് സംഗീതയുമായി ചാറ്റ് ചെയ്ത ഗോപു പെൺകുട്ടിയെ രാത്രി വീടിന് പുറത്തേക്ക് വിളിച്ചിറക്കി കൊല്ലുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ഗോപുവും പെൺകുട്ടിയും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇതിനിടയിൽ ഗോപു, അഖിൽ എന്ന പേരിൽ മറ്റൊരുനമ്പറിൽ നിന്ന് പെൺകുട്ടിയുമായി ചാറ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി സഹോദരിയോടൊപ്പം ഉറങ്ങാൻകിടന്ന സംഗീതയെ അഖിൽ എന്ന വ്യാജേന ഗോപു വീടിന് പുറത്തേക്ക് വിളിച്ചു. വരുത്തുകയായിരുന്നു. ഹെൽമെറ്റ് ധരിച്ചെത്തിയത് ഗോപുവാണെന്ന് സംഗീത തിരിച്ചറിഞ്ഞില്ല. ഇരുവരും തമ്മിലുള്ള സംഭാഷണത്തിൽ സംശയം തോന്നിയ സംഗീത ധരിച്ചിരുന്ന ഹെൽമെറ്റ് മാറ്റാൻ ആവശ്യപ്പെട്ടു. ഈ സമയം ഗോപു കൈയിൽ കരുതിയിരുന്ന പേപ്പർ മുറിക്കുന്ന കത്തി ഉപയോഗിച്ച് സംഗീതയുടെ കഴുത്തിന് വെട്ടുകയായിരുന്നു. അലറികരഞ്ഞുകൊണ്ട് സംഗീത വീട്ടിലേക്ക് ഓടിക്കയറി. മകളുടെ നിലവിളി കേട്ട് വാതിൽ തുറന്ന സംഗീതയുടെ അച്ഛൻ കണ്ടത് ദേഹംമുഴുവൻ രക്തത്തിൽ കുളിച്ചു നിൽക്കുന്ന മകളെയാണ്. രാത്രി 1.30 ഓടെയായിരുന്നു സംഭവം നടന്നത്. ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽകോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒന്നാംവർഷ ബിരുദവിദ്യാർഥിനിയാണ് കൊല്ലപ്പെട്ട സംഗീത. സംഭവത്തിൽ കേസെടുത്ത പോലീസ് രാവിലെതന്നെ ഗോപുവിനെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തുവരികയാണ്. പ്രതി കൊലയ്ക്ക് ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തിട്ടുണ്ട്.