മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ ദുബായിൽ എത്തി. സിംഗപൂർ യാത്ര വെട്ടിച്ചുരുക്കി ദുബായിൽ എത്തിയ മുഖ്യമന്ത്രി ദുബായിൽ നിന്ന് ഓൺലൈൻ വഴിയാണ് ഇന്ന് രാവിലെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തത്. സിംഗപ്പൂരിൽ നിന്ന് യോഗത്തിൽ പങ്കെടുക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. 19ന് ദുബൈ സന്ദർശിക്കാനുമായിരുന്നു നേരത്തേയുണ്ടായിരുന്ന ഷെഡ്യൂൾ. അതിൽ മാറ്റം വരുത്തുകയായിരുന്നു. ശനിയാഴ്ച അദ്ദേഹം കേരളത്തിലേക്ക് തിരിക്കുമെന്നാണ് അറിയുന്നത്.
22ന് മടങ്ങാൻ ആയിരുന്നു തീരുമാനം. 20ന് കേരളത്തില്‍ എത്തുമെന്നു മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചു. നിയമസഭ സമ്മേളനം ചേരുന്ന തീയതി സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനം എടുത്തില്ല. മുഖ്യമന്ത്രി കേരളത്തില്‍ എത്തിയതിനു ശേഷം അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമെടുക്കുമെന്നാണ് സൂചന.
അതേസമയം മുഖ്യമന്ത്രി അതീവ രഹസ്യമായി യാത്ര നടത്തിയത് എന്തിനെന്ന് ചോദിച്ച് മുഖ്യമന്ത്രിയുടെ വിദേശ യാത്രക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അടക്കമുള്ള നേതാക്കള്‍ രംഗത്ത് വിന്നിരുന്നു. മറ്റു സംസ്ഥാനങ്ങളിലെ പ്രചാരണത്തിന് പോകാതെയാണ് സിപിഎമ്മിന്‍റെ ഏക മുഖ്യമന്ത്രി വിദേശത്ത് പോയത് എന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു.