പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി കേരളത്തിലെത്തി. 12 ദിവസത്തെ യാത്രാനുമതിയാണ് മദനിക്ക് ലഭിച്ചത്.10 പൊലീസുകാരെയാണ് മഅദനിയുടെ സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. രണ്ട് പൊലീസുകാര്‍ മദനിക്കൊപ്പം ഫ്ലൈറ്റിലും ബാക്കിയുള്ളവര്‍ റോഡ് മാര്‍ഗവുമാണ് കേരളത്തിലെത്തിയത്. നെടുമ്പാശേരി വിമാനത്തിലെത്തിയ മഅദനി നേരെ അന്‍വാറശ്ശേരിയിലെ വീട്ടിലേക്ക് തിരിച്ചു.
ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണുന്നതിനാണ് സുപ്രീംകോടതിയുടെ അനുമതിയോടെ അബ്ദുൾ നാസർ മഅദനി കേരളത്തിലേക്ക് എത്തുന്നത്. അടുത്ത മാസം 7 ന് തിരികെ ബെംഗളൂരുവിലെത്തും. സുരക്ഷാ ചെലവിലേക്കായി കെട്ടിവെക്കേണ്ട 60 ലക്ഷം രൂപയില്‍ കര്‍ണാടക സര്‍ക്കാര്‍ ചെറിയ ഇളവ് നല്‍കിയിട്ടുണ്ട്. പിഡിപി പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും മഅദനിയെ വരവേല്‍ക്കാന്‍ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തി.
2008 ജൂലായ് 25 ന് ബംഗളൂരുവില്‍ നടന്ന ഒമ്പത് ബോംബ് സ്‌ഫോടന പരമ്പരയില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ബംഗളൂരു സിറ്റി പൊലീസിന്റെ റിപ്പോര്‍ട്ടനുസരിച്ച്, ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ ഇരട്ട സ്ഫോടനങ്ങളുടെ മുഖ്യ സൂത്രധാരനെന്ന് ആരോപിച്ചാണ് മഅദനിയെ കസ്റ്റഡിയിലെടുത്തത്. നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കുമെന്നാണ് 2014ല്‍ കര്‍ണാടക സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചത്. എന്നാല്‍ ഏഴ് വര്‍ഷത്തിലേറെയായി മഅദനിയുടെ വിചാരണ ഇതുവരെയും പൂര്‍ത്തിയാക്കിയിട്ടില്ല.