ഗുജറാത്ത്: മയക്കുമരുന്നിന്റെയും ആയുധങ്ങളുടെയും വൻശേഖരവുമായിപാകിസ്താൻ ബോട്ട് പിടിയിലായി. 300 കോടി വിലമതിക്കുന്ന 40 കിലോഗ്രാം മയക്കുമരുന്നും ആയുധങ്ങളുമാണ് കണ്ടെത്തിയത്. തീരത്തെ കോസ്റ്റ് ഗാർഡ് ആണ് ബോട്ട് കസ്റ്റഡിയിൽ എടുത്തത്. ബോട്ടിലുണ്ടായിരുന്ന പത്തുപേരെയും കസ്റ്റഡിയിൽ എടുത്തതായി തീരസംരക്ഷണസേന അറിയിച്ചു. ഗുജറാത്ത് തീവ്രവാദവിരുദ്ധ സ്കോഡിൽ നിന്ന് ലഭിച്ച രഹസ്യവിവരമനുസരിച്ചാണ് കോസ്റ്റ് ഗാർഡ് ബോട്ട് പിടിച്ചെടുത്തത്. പാക് മത്സ്യബന്ധന ബോട്ട് ആയ ‘അൽ സൊഹേലി’ തിങ്കളാഴ്ച പുലർച്ചെ സംശയാസ്‌പദമായ രീതിയിൽ ഇന്ത്യൻ സമുദ്രത്തിലൂടെ നീങ്ങുന്നത് കണ്ട തീരസംരക്ഷണസേന ബോട്ട് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കസ്റ്റഡിയിൽ എടുത്തവരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയാണെന്നാണ് റിപ്പോർട്ട്. മുന്നറിയിപ്പ് വെടിയുതിർത്തിട്ടും ബോട്ട് നിർത്താതെ വന്നപ്പോൾ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ‘ ‘അരിജ്ഞയ് ‘ എന്ന കപ്പൽ ബോട്ടിനെ തടയുകയും തുടർന്ന് നടത്തിയ പരിശോധനയിൽ ആയുധങ്ങളും മയക്കുമരുന്നും കണ്ടെത്തുകയുമായിരുന്നു.