ക്ഷേത്ര ഭരണസമിതികളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് ഹൈകോടതി വിലക്കി. മലബാർ ദേവസ്വത്തിന് കീഴിലെ കാളിക്കാവ് ക്ഷേത്ര ഭരണ സമിതിയിൽ സി പി എം പ്രാദേശിക നേതാക്കളെ ഉൾപ്പെടുത്തിയതിന് എതിരായ ഹർജിയിലാണ് ഉത്തരവ്. പാർട്ടി പ്രതിനിധികളെ ഭരണസമിതികളിൽ ഉൾപ്പെടുത്തരുതെന്ന് കോടതി ഉത്തരവിട്ടു. ക്ഷേത്ര ബൈലോ പ്രകാരമുള്ള നിയമനങ്ങൾ മാത്രം നടത്താൻ പാടുള്ളൂ. ക്ഷേത്ര ഭരണത്തിൽ രാഷ്ട്രീയക്കാരെ നിയമിക്കുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഡി.വൈ.എഫ്.ഐ രാഷ്ട്രീയ സംഘടനയല്ലെന്ന എതിർകക്ഷിയുടെ വാദം ഹൈകോടതി തള്ളി. മലബാർ ദേവസ്വം ബോഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഇനി മുതൽ ക്ഷേത്ര ഭരണ സമിതികളിൽ സജീവ രാഷ്ട്രീയ പ്രവർത്തകരെ നിയമിക്കരുതെന്നും ഉത്തരവിലുണ്ട്.
മലബാർ ദേവസ്വത്തിന് കീഴിലുളള കാളിക്കാവ് ക്ഷേത്ര ഭരണസമിതി തെരഞ്ഞെടുപ്പുമായി മാത്രം ബന്ധപ്പെട്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവെങ്കിലും ഭാവിയിൽ ഈ ഉത്തരവിന് ഏറെ പ്രാധാന്യമുണ്ടെന്നാണ് നിയമവിദഗ്ധർ കരുതുന്നത്. കാളികാവ് ക്ഷേത്ര ഭരണ സമിതി അംഗങ്ങളായി സിപിഎം , ഡിവൈ എഫ് ഐ പ്രാദേശിക നേതാക്കളായ അശോക് കുമാർ, രതീഷ് , പങ്കജാക്ഷൻ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഈ തെരഞ്ഞെടുപ്പ് അസാധുവാണെന്ന് കോടതി കണ്ടെത്തി. പുക്കോട്ട് കാളിക്കാവ് പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിൽ മലബാർ ദേവസ്വം ബോഡിന്‍റെ വ്യവസ്ഥകളും ലംഘിക്കപ്പെട്ടിട്ടുണ്ടെന്നും കോടതി കണ്ടെത്തി.