വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയൻ്റെ ആത്മഹത്യയിൽ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയെ പൊലീസ് പ്രതി ചേര്‍ത്തു. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. കേസില്‍ ഒന്നാം പ്രതിയാണ് എംഎല്‍എ. കേസിൽ ഐ സി ബാലകൃഷ്ണനൊപ്പം ഡിസിസി പ്രസിഡൻ്റ് എന്‍ ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍ എന്നിവരെയും പ്രതി ചേര്‍ത്തിട്ടുണ്ട്. സഹകരണ ബാങ്കിലെ നിയമനക്കോഴ ഇടപാടുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പൊലീസിനു ലഭിച്ചതോടെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ ദിവസം എൻ.എം.വിജയൻ്റെ ആത്മഹത്യാ കുറിപ്പ് പുറത്തു വന്നിരുന്നു. ഇതിൽ ഐ സി ബാലകൃഷ്ണൻ എം എൽ എയുടേയും വയനാട് ഡി സി സി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ്റേയും ഉൾപ്പെടെയുള്ള പേരുകളുണ്ടായിരുന്നു. കത്തിൽ പേര് പരാമർശിച്ചവരെ പോലീസ് ഉടൻ ചോദ്യം ചെയ്യും. ഇതോടെ പുതിയ രാഷ്ട്രീയ വിവാദം ഉടലെടുത്തു. ഐ.സി ബാലകൃഷ്ണൻ എംഎൽഎ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിപിഎം പ്രക്ഷോഭം കടുപ്പിച്ചു. അതേസമയം പുറത്തുവന്ന കുറിപ്പിന് പിന്നിൽ പാര്‍ട്ടിക്കുള്ളില്‍ ഐ.സി.ബാലകൃഷ്ണനോട് എതിർപ്പുള്ള സംഘവും നിയമന ആഴിമതിയിൽ നേരത്തെ പാർട്ടി നടപടിയെടുത്തവരുമാണെന്ന ചർച്ചയും സജീവമായിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് ഡിസിസി ട്രഷറര്‍ ആത്മഹത്യയ്ക്ക് മുന്‍പെഴുതിയ കത്തുകള്‍ പുറത്തായത്. നിയമനത്തിനെന്ന പേരില്‍ പണംവാങ്ങിയത് ഐ.സി.ബാലകൃഷ്ണന്‍ എംഎല്‍എ ആണെന്നും, ബാധ്യത കുമിഞ്ഞപ്പോള്‍ ആരും തന്നെ തിരിഞ്ഞുനോക്കിയില്ലെന്നും കത്തില്‍ വിജയന്‍ എഴുതുന്നു. മൂന്ന് ഡി.സി.സി പ്രസിഡന്‍റുമാര്‍ പണം പങ്കിടുന്നതിലെ തര്‍ക്കമാണ് എല്ലാത്തിനും കാരണം. ഐ.സി ബാലകൃഷ്ണൻ എം.എല്‍.എയുടെ നിർദ്ദേശപ്രകാരം 7 ലക്ഷം രൂപ വാങ്ങി നൽകിയെന്നും കത്തിലുണ്ട്. 2 ലക്ഷം രൂപ മാത്രമാണ് ഐ.സി തിരികെ നൽകിയത്. ബാക്കി 5 ലക്ഷം രൂപ തന്റെ ബാധ്യതയായി. എൻ.ഡി.അപ്പച്ചൻ വാങ്ങിയ 10 ലക്ഷത്തിന് താൻ പണയാധാരം നൽകേണ്ടി വന്നു. അത് കോടതിയിൽ കേസായി. നിയമനങ്ങൾ റദ്ദാക്കിയതോടെ പണം തിരിച്ചു നൽകാൻ ലോണെടുത്തു. അത് ഇപ്പോൾ 65 ലക്ഷത്തിന്‍റെ ബാധ്യതയായി എന്നതടക്കമുള്ള വിവരങ്ങളാണ് കത്തില്‍ വിശദീകരിക്കുന്നത്.
ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വിജിലൻസ് ഡിവൈഎസ്പി ഷാജി വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് ആത്മഹത്യയെപ്പറ്റിയും വിജയന്‍റെ സാമ്പത്തിക ഇടപാടുകളെപ്പറ്റിയും അന്വേഷിക്കുന്നത്. അതേസമയം ആത്മഹത്യാക്കുറിപ്പ് വ്യാജമാണെന്നാണ് ഡിസിസി പ്രസിഡന്‍റ് എൻ.ഡി.അപ്പച്ചൻ്റെയും ബത്തേരി എംഎൽഎ ഐ.സി.ബാലകൃഷ്ണന്റേയും വിശദീകരണം.