പാലക്കാട്: രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബിലേയ്ക്ക് അയച്ച ഫലം പോസിറ്റീവായി. കോഴിക്കോട് ബയോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ പോസിറ്റീവ് ആയിരുന്നു.
പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലാണ് രോഗി ചികിത്സയില്‍ കഴിയുന്നത്. രോഗിയുമായി സമ്പര്‍ക്കമുണ്ടായവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിപ സാഹചര്യത്തില്‍ പാലക്കാട് തച്ചനാട്ടുകരയിലെയും കരിമ്പുഴയിലെയും ചില വാര്‍ഡുകളെ കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. തച്ഛനാട്ടുകര ഗ്രാമപഞ്ചായത്തിലെ 7,8,9,11 വാര്‍ഡുകളും കരിമ്പുഴ പഞ്ചായത്തിലെ 17, 18 വാര്‍ഡുകളുമാണ് കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്.
പാലക്കാട് തച്ചനാട്ടുകര സ്വദേശിക്ക് പിന്നാലെയാണ് കോഴിക്കോട് മസ്തിഷ്‌ക മരണം സംഭവിച്ച പെണ്‍കുട്ടിക്കും രോഗം സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത മലപ്പുറം മങ്കട സ്വദേശിനിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചത്. സ്ഥിരീകരണത്തിനായി സാമ്പിൾ പുണെ വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഈ മാസം ഒന്നിനാണ് 18 വയസുകാരി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽവച്ച് മരിച്ചത്. കോഴിക്കോട്ട് എത്തുമ്പോൾ മസ്തിഷ്കമരണം സംഭവിച്ച നിലയിലായിരുന്നു.
ഒരു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് റിപ്പോർട്ട് ചെയ്യുന്നത്. വളാഞ്ചേരി സ്വദേശിനിയായ 42-കാരിക്ക് മേയ് എട്ടിന് നിപ സ്ഥിരീകരിച്ചിരുന്നു. നിപ നെഗറ്റീവായ ഈ രോഗി അബോധാവസ്ഥയിൽ പെരിന്തൽമണ്ണയിലെ സഹകരണ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.