സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിൽ എൻ. ഐ.എ റെയ്ഡ്. സംഘടനയുടെ രണ്ടാംനിര നേതാക്കൾ, പ്രവർത്തകർക്ക് പരിശീലനം നൽകിയവർ, സാമ്പത്തികസഹായം നൽകിയവർ എന്നിവരുടെ വീടുകളിലാണ് പ്രധാനമായും റെയ്ഡ് നടത്തുന്നത്. പുലർച്ചയാണ് എൻ.ഐ.എ സംഘം കേരളത്തിൽ എത്തിയത്. 56 ഇടങ്ങളിലാണ് ഇപ്പോൾ റെയ്ഡ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. പി.എഫ്.ഐ നിരോധനത്തിന്റെ തുടർച്ചയായിട്ടാണ് പരിശോധന.
എറണാകുളത്തെ ഉളിയന്നൂർ കുഞ്ഞുണ്ണിക്കര പ്രദേശങ്ങളിൽ പുലർച്ച റെയ്ഡ് നടന്നു കഴിഞ്ഞു. എറണാകുളം റൂറൽ രദേശങ്ങളിലാണ് കൂടുതൽ റെയ്ഡും നടക്കുന്നത്. ഇവിടെ 12 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തുന്നത്. ആലപ്പുഴ നാലിടങ്ങളിൽ പരിശോധന നടന്നു. തിരുവനന്തപുരം, കൊല്ലം, മലപ്പുറം തുടങ്ങിയ ജില്ലകളിലും പരിശോധന ഉണ്ടായിരിക്കും. പല സ്ഥലങ്ങളിലും ഇതിനകം തന്നെ റെയ്ഡ് പൂർത്തിയാക്കി ഉദ്യോഗസ്ഥർ തിരികെ മടങ്ങിയതായാണ് വിവരം. മാസങ്ങൾക്കു മുമ്പ് രാജ്യവ്യാപകമായി പി.എഫ്.ഐ നേതാക്കളുടെ വീടുകളിൽ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെ പി.എഫ്. ഐ നിരോധനം വന്നിരുന്നു . എന്നാൽ പി.എഫ്. ഐ നിരോധനത്തിനു ശേഷവും ചില നേതാക്കളും പ്രവർത്തകരും എൻ.ഐ.എ യുടെ നിരീക്ഷണത്തിലായിരുന്നു. പി.എഫ്.ഐ നിരോധിച്ചെങ്കിലും രഹസ്യമായി സംഘടനയുടെ പ്രവർത്തനം നടക്കുന്നു എന്ന് രഹസ്യ അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചതിനെ തുടർന്നാണ് ഇപ്പോൾ റെയ്ഡ് നടക്കുന്നത്. പോപ്പുലർ ഫ്രണ്ടിന് ഫണ്ട് നൽകിയവരെയും അക്കൗണ്ട് കൈകാര്യം ചെയ്തവരെയുമാണ് ഇപ്പോൾ റെയ്ഡിൽ ലക്ഷ്യമിട്ടിരിക്കുന്നത് .
ഇന്നു പുലർച്ചെ 3:30 മുതൽ ആണ് റെയ്ഡ് ആരംഭിച്ചത്. ഇത്തവണ റെയ്ഡിന് കേരള പോലീസിന്റെ സഹായവും കിട്ടിയിട്ടുണ്ട്. കോട്ടയത്ത് കാഞ്ഞിരപ്പള്ളിയിലും ഈരാറ്റുപേട്ടയിലും പരിശോധന നടക്കുന്നുണ്ട്. പുലർച്ചെ രണ്ടുമണിയോടെയാണ് ഇവിടെ നേതാക്കളുടെ വീടുകളിൽ പരിശോധന തുടങ്ങിയതെന്നാണ് ലഭിക്കുന്ന വിവരം. നേരത്തെ അടച്ചുപൂട്ടിയ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളും എൻ.ഐ.എ സംഘം തുറന്നു പരിശോധിച്ചതായി റിപ്പോർട്ട് ഉണ്ട്. കൊല്ലത്ത് ഇന്ന് പുലർച്ചെയോടുകൂടി എൻ.ഐ.എ റെയ്ഡ് തുടങ്ങി. കോഴിക്കോട് ജില്ലയിൽ മാവൂരിലും നാദാപുരത്തുമാണ് പരിശോധന നടക്കുന്നത്. മലപ്പുറത്ത് മുൻപ് അറസ്റ്റിലായ ദേശീയ പ്രസിഡന്റ് ഒ.എം.എ സലാമിന്റെ സഹോദരന്റെ മഞ്ചേരിയിലെ വീട്ടിൽ റെയ്ഡ് നടന്നു. ഒരേ സമയം തന്നെ കോട്ടക്കലും വാളഞ്ചേരിയിലും മഞ്ചേരിയിലും റെയ്ഡ് നടത്തി. തിരുവനന്തപുരത്തെ മൂന്ന് ജില്ലകളിലാണ് എൻ.ഐ.എ റെയ്ഡ് നടക്കുന്നത്. തോന്നയ്ക്കൽ, നെടുമങ്ങാട്, പള്ളിക്കൽ എന്നിവിടങ്ങളിലാണ് പരിശോധന.