ന്യൂഡൽഹി: പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് ഒമാൻ പുരസ്‌കാരം ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ത്രിരാഷ്‌ട്ര സന്ദർശനത്തിന്റെ ഭാഗമായി ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് പുരസ്കാരം സമ്മാനിച്ചു. ഇന്ത്യയും ഒമാനും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ ഭാഗമായാണ് ഈ പുരസ്കാരം സമ്മാനിച്ചിരിക്കുന്നത്
ഒരു വിദേശ രാജ്യത്ത് നിന്ന് പ്രധാനമന്ത്രിക്ക് സമ്മാനിക്കുന്ന 29-ാമത്തെ ഉയർന്ന സിവിലിയൻ പുരസ്‌കാരമാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70-ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് മോദിയുടെ സന്ദർശനം എന്നത് ഏറെ ശ്രദ്ധേയമാണ്. ഇരുരാജ്യങ്ങളും തമ്മിൽ വിവിധ വിഷയങ്ങളിൽ ഇരുനേതാക്കളും ചർച്ച ചെയ്തു. വ്യാപാരം, നിക്ഷേപം, ഊർജം, പ്രതിരോധം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ വിശദമായ ചർച്ച നടന്നു.
പശ്ചിമേഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒമാൻ ഭരണാധികാരികളും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ നാല് നിർണ്ണായക ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. ദീർഘകാലമായുള്ള ഇന്ത്യ-ഒമാൻ സൗഹൃദം കൂടുതൽ ഉയരങ്ങളിലെത്തിക്കുന്നതാണ് പുതിയ നീക്കങ്ങൾ. സമുദ്ര പൈതൃകം, കൃഷി, നൈപുണ്യ വികസനം, വാണിജ്യം എന്നീ മേഖലകളിലാണ് ഇരുരാജ്യങ്ങളും സഹകരണം ഉറപ്പാക്കിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സമുദ്രബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം ആധുനിക സാങ്കേതിക വിദ്യകൾ കാർഷിക മേഖലയിൽ പ്രയോജനപ്പെടുത്താനും കരാറുകൾ ലക്ഷ്യമിടുന്നു.
ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും തമ്മിലുള്ള തന്ത്രപരമായ സഹകരണമാണ് മറ്റൊരു പ്രധാന നേട്ടം. ഇത് ഇരുരാജ്യങ്ങളിലെയും സ്വകാര്യ മേഖലകൾ തമ്മിലുള്ള നിക്ഷേപങ്ങൾ വർദ്ധിപ്പിക്കാനും വ്യവസായ-വാണിജ്യ ബന്ധങ്ങൾ വിപുലീകരിക്കാനും സഹായിക്കും.
ജോർദാൻ, എത്യോപ്യ സന്ദർശനങ്ങൾക്ക് ശേഷമാണ് പ്രധാനമന്ത്രി മസ്‌കറ്റിലെത്തിയത്. ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് അസദ് ബിൻ താരിഖ് അൽ സെയ്ദിന്റെ നേതൃത്വത്തിൽ ഉജ്ജ്വലമായ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്. മോദിയുടെ ഈ സന്ദർശനം ഇന്ത്യയും ഒമാനും തമ്മിലുള്ള തന്ത്രപരമായ ബന്ധം കൂടുതൽ ദൃഢമാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

