വെള്ളിയാഴ്ച മോസ്കോയ്കോയിൽ നടന്ന വെടിവെയ്പ്പിലും സ്ഫോടനത്തിലും മരിച്ചവരുടെ എണ്ണം 133 ആയി. നിരവധി പേർക്ക് പരിക്കുപറ്റിയതായും റിപ്പോർട്ടുകളിണ്ട്. തോക്കുധാരികളായെത്തിയ അഞ്ചുപേരാണ് ആക്രമണം അഴിച്ചുവിട്ടത്. 4 തീവ്രവാദികൾ ഉൾപ്പെടെ 11 പേർ അറസ്റ്റിൽ ആയെന്നാണ് റിപോർട്ടുകൾ. തിരഞ്ഞെടുപ്പിൽ പുടിൻ അധികാരം പിടിമുറുക്കിയതിന് തൊട്ടുപിന്നാലെയാണ് വെള്ളിയാഴ്ച ആക്രമണമുണ്ടായത്.
മോസ്‌കോയിൽ നിന്ന് 340 കിലോമീറ്റർ തെക്കുപടിഞ്ഞാറായി ബ്രയാൻസ്‌ക് മേഖലയിൽ വെള്ളിയാഴ്ച രാത്രി പോലീസിനെ കണ്ട അക്രമികൾ വാഹനത്തിൽ ഓടി രക്ഷപ്പെട്ടതായി റഷ്യൻ നിയമനിർമ്മാതാവ് അലക്‌സാണ്ടർ ഖിൻഷ്‌റ്റെയിൻ പറഞ്ഞു. അതേസമയം ആക്രമികളായ പതിനൊന്ന് പേരെ ശനിയാഴ്ച അറസ്റ്റ് ചെയ്തതായി ക്രെംലിൻ അറിയിച്ചു. കാറിൽ നിന്ന് ആക്രമണത്തിന് ഉപയോഗിച്ച ഒരു പിസ്റ്റൾ, താജിക്കിസ്ഥാനിൽ നിന്നുള്ള പാസ്‌പോർട്ടുകൾ എന്നിവ കണ്ടെത്തിയതായി ഖിൻഷെയിൻ പറഞ്ഞു. രണ്ട് പേരെ കാർ പിന്തുടർന്ന് പിടികൂടിയതായും മറ്റ് രണ്ട് പേർ വനത്തിലേക്ക് രക്ഷപ്പെട്ടതായും അദ്ദേഹം പറഞ്ഞു. പിന്നീട് ഇരുവരും പോലീസ് തടങ്കലിലായി.
മോസ്‌കോയിലെ കൺസേർട്ട് ഹാളിലുണ്ടായ ആക്രമണത്തെ അപലപിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ഇതോടൊപ്പം ദേശീയ ദുഃഖാചരണവും പ്രഖ്യാപിച്ചു. ഈ ആക്രമണത്തിന് പിന്നിൽ ആരായാലും അവരെ വെറുതെ വിടില്ലെന്ന് താൻ സത്യം ചെയ്യുന്നുവെന്നും ക്രോക്കസ് സിറ്റി ഹാളിൽ നടന്ന ഭീകരാക്രമണത്തിന് നിരവധി നിരപരാധികൾ ഇരകളായെന്നും പ്രസംഗത്തിൽ പറഞ്ഞു. ആക്രമണത്തിന് ഇരയായവരുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർ സാദ്ധ്യമായതെല്ലാം ചെയ്യുമെന്നും പുടിൻ കൂട്ടിച്ചേർത്തു.