നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ ഫ്രാന്‍സും അട്ടിമറികളുടെ സ്വപ്നസമാന യാത്ര തുടരുന്ന മൊറോക്കോയും ഇന്ന് സെമിയിൽ കളിക്കാനിറങ്ങുമ്പോൾ മത്‌സരം ആവേശകരമാവുമെന്ന് ഉറപ്പ്. ഇന്നത്തെ സെമിയിൽ ജയം ഫ്രാന്‍സിനാണെങ്കില്‍ തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലാകും, അതേസമയം മൊറോക്കോ ജയിച്ചാല്‍, ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമാകും. അല്‍ ഖോറിലെ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ ഇന്ന് ഇന്ത്യന്‍ സമയം രാത്രി 12.30-ന് ആണ് രണ്ടാം സെമി നടക്കുക.
‘ഗെയിം ഓഫ് ദി ടൂര്‍ണമെന്റ് ‘എന്ന് ഫിഫ വിശേഷിപ്പിച്ച പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ മറികടന്നാണ് ഫ്രാന്‍സ് സെമിയിലെത്തിയതെങ്കില്‍ ബെല്‍ജിയം, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ വമ്പന്മാരെ അട്ടിമറിച്ചാണ് മൊറോക്കോയുടെ വരവ്. ഇംഗ്ലണ്ടിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ കളിച്ച അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ ഫ്രാന്‍സിനും മൊറോക്കോയ്ക്കും ഇത് രണ്ടാം മത്സരമാണ്. ലോകകപ്പ് ഫുട്ബോളിന്റെ രണ്ടാം സെമിയില്‍ ബുധനാഴ്ച രാത്രി ഇവര്‍ മുഖാമുഖം വരുമ്പോള്‍ ചരിത്രം വഴിമാറുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.