വര്‍ഷകാല സമ്മേളനത്തിന്റെ മൂന്നാം ദിവസവും പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം. മണിപ്പൂര്‍ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്രതിപക്ഷ സഖ്യം ‘ഇന്ത്യ’ പ്ലാക്കാര്‍ഡുകളുമായി പ്രതിഷേധത്തിനിറങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ ജനപ്രതിനിധികള്‍ക്ക് മുന്നില്‍ പ്രസ്താവന നടത്തണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു.
മണിപ്പൂരില്‍ നിന്നുള്ള രണ്ട് സ്ത്രീകളെ ജനക്കൂട്ടം നഗ്നരാക്കി നടത്തിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നത് രാജ്യമൊട്ടുക്കെ വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് പാര്‍ലമെന്റിലും പ്രതിഷേധം അരങ്ങേറുന്നത്. മണിപ്പൂര്‍ അക്രമത്തെക്കുറിച്ച് ചര്‍ച്ച വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.