6 സംസ്ഥാനങ്ങളിലായി 58 സീറ്റുകളിലായി ആറാം ഘട്ടത്തിൽ മത്സരിക്കുന്ന 889 സ്ഥാനാർത്ഥികളുടെ വിധി 11 കോടിയിലധികം വോട്ടർമാർ തീരുമാനിക്കും. ആദ്യമണിക്കൂറുകളിൽ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. കേന്ദ്രമന്ത്രിമാർ അടക്കം പ്രമുഖർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ഹരിയാന (10), ബിഹാർ (8), ജാർഖണ്ഡ് (4), ഒഡീഷ (6), ഉത്തർപ്രദേശ് (14), പശ്ചിമ ബംഗാൾ (8), ഡൽഹി (7), ജമ്മു കശ്മീർ (1) എന്നിവിടങ്ങളിലെ 58 ലോക്‌സഭാ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.
ആദ്യ 2 മണിക്കൂറിൽ 10.82 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കൂടുതൽ പോളിങ് ബംഗാളിലാണ്. 16.54 ശതമാനം. കുറവ് ഒഡീഷയിൽ 7.43 ശതമാനം. രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് , സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി,കേന്ദ്രമന്ത്രിമാരായ എസ് ജയശങ്കർ, ഹർദീപ് സിംഗ് പുരി, എഎപി മന്ത്രി അതിഷി മെർലേന , ഗൗതം ഗംഭീർ, ഹരിയാന മുന്‍ മുഖ്യമന്ത്രിയും ബിജെപി സ്ഥാനാര്‍ഥിയുമായ മനോഹർലാൽഖട്ടർ, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അടക്കമുള്ള പ്രമുഖർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
ഡൽഹിയിലെ ഏഴ് ലോക്‌സഭാ സീറ്റുകളിലേക്കും ഇന്ന് തന്നെയാണ് വോട്ടെടുപ്പ്. നോർത്ത് ഈസ്റ്റ് ഡൽഹി, നോർത്ത് വെസ്റ്റ് ഡൽഹി, ചാന്ദ്‌നി ചൗക്ക്, സൗത്ത് ഡൽഹി, ഈസ്റ്റ് ഡൽഹി, വെസ്റ്റ് ഡൽഹി, ന്യൂഡൽഹി തുടങ്ങിയ സീറ്റുകളാണ്. ബിജെപി നേതാക്കളായ മേനക ഗാന്ധി, മനോജ് തിവാരി, ജമ്മു ആൻഡ് കശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ മെഹബൂബ മുഫ്തി, കോൺഗ്രസിൻ്റെ കനയ്യ കുമാർ തുടങ്ങി പ്രമുഖ സ്ഥാനാർത്ഥികൾ ഈ ഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്. ബിജെപിയുടെ മനോജ് തിവാരി, ബൻസുരി സ്വരാജ്, കോൺഗ്രസിൻ്റെ കനയ്യ കുമാർ, ഉദിത് രാജ്, ആം ആദ്മി പാർട്ടിയുടെ സോമനാഥ് ഭാരതി എന്നിവർ രാജ്യതലസ്ഥാനത്ത് മത്സരരംഗത്തുള്ള പ്രമുഖ സ്ഥാനാർത്ഥികളാണ്.
ഹരിയാനയിലെ 10 സീറ്റുകളിലും ആറാം ഘട്ടത്തിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. കർണാലിൽ നിന്ന് മത്സരിക്കുന്ന മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹർ ലാൽ ഖട്ടർ ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ബിജെപിയുടെ റാവു ഇന്ദർജിത് സിംഗ്, നവീൻ ജിൻഡാൽ എന്നിവരും യഥാക്രമം ഗുരുഗ്രാം, കുരുക്ഷേത്ര സീറ്റുകളിൽ മത്സരിക്കുന്നു.
പശ്ചിമ ബംഗാളിൽ അഞ്ച് ജില്ലകളിലെ ഗോത്രമേഖലയായ ജംഗൽ മഹൽ മേഖലയിലാണ് വോട്ടെടുപ്പ്. സ്വത്വരാഷ്ട്രീയത്തിൻ്റെ ഹോട്ട്‌സ്‌പോട്ടായ പ്രദേശം തംലുക്ക്, കാന്തി, ഘട്ടൽ, ജാർഗ്രാം, മേദിനിപൂർ, പുരുലിയ, ബാങ്കുര, ബിഷ്ണുപൂർ എന്നീ സീറ്റുകളിൽ നിന്ന് എട്ട് പ്രതിനിധികളെ ലോക്‌സഭയിലേക്ക് അയക്കുന്നു. 2019ലെ തെരഞ്ഞെടുപ്പിൽ എട്ട് സീറ്റുകളിൽ ബിജെപി അഞ്ച് സീറ്റുകളും ടിഎംസി മൂന്ന് സീറ്റുകളും നേടി.
ഈ ഘട്ടം അവസാനിക്കുമ്പോൾ 543 ലോക്‌സഭാ സീറ്റുകളിൽ 486 എണ്ണത്തിലേക്കുള്ള വോട്ടെടുപ്പ് അവസാനിക്കും. അവസാന ഘട്ടത്തിൽ ബാക്കിയുള്ള 57 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ഈ ഘട്ടത്തിലെ തെരഞ്ഞെടുപ്പോടുകൂടി 486 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പൂർത്തിയാകും.