ലൈഫ് മിഷൻ കോഴക്കേസില്‍ അറസ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ അഞ്ചുദിവസത്തേക്ക് ഇഡി കസ്റ്റഡിയില്‍ വിട്ടു. അറസ്റ്റു ചെയ്തതിനു പിന്നാലെ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിൻ്റെ അറസ്‌റ്റ് റിപ്പോർട്ടും പുറത്തു വന്നു. ലൈഫ് മിഷൻ കരാറിൽ നടന്നത് മൂന്നുകോടി 38 ലക്ഷം രൂപയുടെ കോഴ ഇടപാട് എന്നാണ് എൻഫോഴ്സ്മെന്‍റ് റിപ്പോര്‍ട്ട്. ലൈഫ് മിഷൻ കേസിൽ ശിവശങ്കറിന് മാത്രമറിയാവുന്ന രഹസ്യങ്ങൾ പലതുമുണ്ടെന്ന് ഇഡി പറയുന്നു. അതിലൊന്നു പോലും ഇതുവരെ പുറത്തു വന്നിട്ടില്ലെന്നും അതുകൊണ്ടുതന്നെ ഇതിനായി ശിവശങ്കറിനെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും ഇക്കാരണത്താലാണ് അറസ്‌റ്റ് ചെയ്‌തതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് എം ശിവശങ്കറെ ഇഡി അറസ്റ്റു ചെയ്യുന്നത്. 12 മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് അറസ്റ്റ് നടന്നത്. മൂന്ന് ദിവസത്തോളം തുടർച്ചയായി ശിവശങ്കറിനെ ചോദ്യംചെയ്യലിന് വിധേയനാക്കിയിരുന്നു. അറസ്റ്റിനു പിന്നാലെ ഇന്ന് 12.15ഓടെ അദ്ദേഹത്തെ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കി. ശേഷം ഇ.ഡി ഓഫീസിലേക്ക് തിരികെ കൊണ്ടുവന്നു. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് കോടതിയില്‍ ഹാജരാക്കണം. ഒരോ രണ്ട് മണിക്കൂർ ചോദ്യം ചെയ്യലിലും ഇടവേള നൽകണമെന്ന് കോടതി ഇഡിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശാരീരികാവസ്ഥ കണക്കിലെടുത്താണ് കോടതി നിര്‍ദേശം. തന്നെ 12 മണിക്കൂർ ഇഡി ചോദ്യം ചെയ്തെന്നും ശാരീരികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നും ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞിരുന്നു.
വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ലഭിക്കുന്നതിന് മുൻപ് തന്നെ മുൻകൂറായി കമ്മീഷൻ ഇടപാട് നടന്നെന്നാണ് ഇഡി വ്യക്തമാക്കുന്നത്. മൂന്ന് മില്യണ്‍ ദിർഹത്തിന് ആയിരുന്നു ഇടപാട് ഉറപ്പിച്ചത്. യൂണിറ്റാക്കിന് തന്നെ കരാർ ലഭിക്കാൻ മുഖ്യമന്ത്രിയെ കൊണ്ട് സമ്മതിപ്പിച്ചതിനാണ് എം ശിവശങ്കറിന് ഒരു കോടി രൂപ ലഭിച്ചതെന്നാണ് സ്വപ്ന സുരേഷിന്‍റെ മൊഴി. കമ്മീഷൻ ആയി ലഭിച്ച പണം തന്‍റെ പേരിലുള്ള ലോക്കറിൽ സൂക്ഷിക്കാൻ നിർദ്ദേശിച്ചതും ശിവശങ്കർ എന്ന് സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. കരാർ ഉറപ്പിക്കുന്നതിന് മുൻപ് എം ശിവശങ്കറും സ്വപ്ന സുരേഷും നടത്തിയ വാട്സ്ആപ്പ് ചാറ്റുകൾ കോഴ ഇടപാടിനും കള്ളപ്പണക്കേസിനും തെളിവാണെന്ന് ഇഡി വ്യക്തമാക്കുന്നു.
കേസിൽ പ്രതിസ്ഥാനത്തുള്ള യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ, സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്‌നാ സുരേഷ്, സരിത്ത് എന്നിവരുടെ മൊഴി ശിവശങ്കറിന് എതിരായിരുന്നു. ലോക്കറിന്റെ കാര്യത്തില്‍ ശിവശങ്കറിന് എതിരെ ശക്തമായ മൊഴിയുമുണ്ട്. അദ്ദേഹത്തിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലന്‍ അയ്യര്‍ എന്‍ഫോഴ്സ്മെന്റിന് നല്‍കിയ മൊഴിയാണിത്. സ്വപ്നയുമായി ചേര്‍ന്ന് ബാങ്ക് ലോക്കര്‍ ആരംഭിക്കണമെന്ന് ശിവശങ്കര്‍ ആവശ്യപ്പെട്ടെന്നാണ് വേണുഗോപാലന്‍ അയ്യര്‍ മൊഴി നല്‍കിയത്. ഇത് ശിവശങ്കറിന് എതിരെയുള്ള ശക്തമായ മൊഴിയായി മാറിയിരുന്നു.