പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തിനെതിരെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയ ഡോ പി സരിനെതിരെ കെപിസിസി നടപടിക്ക് സാധ്യത. സരിനെ കാര്യമായി പരിഗണിച്ചു വലുതാക്കേണ്ടതില്ലെന്നാണ് കെപിസിസി വിലയിരുത്തൽ എന്നാണ് അറിയുന്നത്. അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ പറയേണ്ടിയിരുന്നത് പാർട്ടി വേദിയിലാണ്, പി സരിൻ നടത്തിയത് അച്ചടക്ക ലംഘനം, എഐസിസി പ്രഖ്യാപിച്ച സ്ഥാനാർത്ഥി ലിസ്റ്റ് തള്ളി പറഞ്ഞത് തെറ്റെന്നും വിലയിരുത്തൽ ഉണ്ടായി.
കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായ സരിന്റെ പേരും സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നു. കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണങ്ങളാണ് വാർത്താസമ്മേളനത്തില്‍ സരിൻ ഉന്നയിച്ചത്. ഞാന്‍ പറയുന്ന ആള്, എന്‍റെ ആള് സ്ഥാനാര്‍ത്ഥിയാകുമെന്ന തീരുമാനമാണ് പാർട്ടിയില്‍ നടക്കുന്നതെന്ന് സരിൻ കുറ്റപ്പെടുത്തി. ഷാഫി പറമ്പിലിന് സംസ്ഥാന നേതൃത്വം വഴങ്ങുകയായിരുന്നു. നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് വീഴ്ചകളുണ്ടായതായും സരിൻ കൂട്ടിച്ചേർത്തു. പാലക്കാട് തോറ്റാൽ തോൽക്കുക രാഹുൽ മാങ്കൂട്ടമല്ല, രാഹുൽ ഗാന്ധിയായിരിക്കുമെന്നും സരിന്‍ പറഞ്ഞു. സി.പി.എം ഒരു കുറ്റിച്ചൂലിനെ നിർത്തിയാലും പ്രവർത്തകർ ജയിപ്പിക്കും. അത് അവരുടെ കെട്ടുറപ്പാണെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് പാർട്ടി നേതൃത്വം കാണിക്കുന്നത് തോന്നിവാസമാണെന്നും സരിൻ കുറ്റപ്പെടുത്തി. പറയാനുള്ളത് പറഞ്ഞിട്ടേ പോകൂവെന്നും സരിൻ വ്യക്തമാക്കി. ലെഫ്റ്റ് അടിക്കുന്ന സ്വഭാമുള്ള ആളല്ല താനെന്നും സരിൻ വിശദമാക്കി.
പാർട്ടി തീരുമാനങ്ങളുടെ രീതി മാറിയെന്നും സരിൻ കുറ്റപ്പെടുത്തി. എല്ലാവരും ചേർന്നെടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്നും സരിൻ വിശദമാക്കി. കോണ്‍ഗ്രസ് സ്ഥാനാർത്ഥി ആരാണെന്ന് ഉറപ്പായതിന് ശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കുമെന്നും സരിന്‍ പറഞ്ഞു. കുറച്ച് ആളുകളുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങിക്കൊടുത്ത് പാര്‍ട്ടിയെ വരുതിയിലാക്കാന്‍ ശ്രമിക്കുന്നവരെ തിരുത്തിയില്ലെങ്കില്‍ പാലക്കാട്ട് ഹരിയാന ആവര്‍ത്തിക്കും. കണ്ണടച്ച് ഇരുട്ടാക്കുന്നവരെ തിരുത്തിയില്ലെങ്കില്‍ വില കൊടുക്കേണ്ടി വരുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് ഫലം കയ്യില്‍ നിക്കാത്ത സ്ഥിതി വരുമെന്നും സരിൻ മുന്നറിയിപ്പ് നൽകി.