ആറ് സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിനായി ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ സേർച് കമ്മിറ്റി രൂപീകരിച്ചു. സ്വന്തം നിലയ്ക്ക് വിസി നിയമനത്തിനാണ് ഗവർണർ സേർച്ച് കമ്മറ്റി രൂപീകരിച്ചത്. കേരള, എംജി, കെടിയു, കാർഷിക, ഫിഷറീസ്, മലയാളം സർവകലാശാലകളിലാണ് സേർച് കമ്മിറ്റി രൂപീകരിച്ചത്. കമ്മിറ്റിയിൽ യുജിസിയുടെയും ചാൻസലറുടെയും നോമിനികളെ ഉൾപ്പെടുത്തി രാജ്ഭവൻ വിജ്ഞാപനം ഇറക്കി.
സർക്കാർ -ഗവർണർ ഏറ്റുമുട്ടലിനെ തുടർന്ന് വി.സി നിയമനത്തിൽ സർവകലാശാലകൾ സെർച് കമ്മിറ്റി പ്രതിനിധികളെ നൽകിയിരുന്നില്ല. കേരള സർവകലാശാലയിൽ കർണാടക സെൻട്രൽ യൂനിവേഴ്സിറ്റി വൈസ്ചാൻസലർ പ്രഫ. ഭട്ടു സത്യനാരായണ (യു.ജി.സി നോമിനി), ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. എസ്. സോമനാഥ് (ചാൻസലറുടെ നോമിനി) എന്നിവരാണ് സെർച് കമ്മിറ്റിയിലുള്ളത്. കമ്മിറ്റി മൂന്ന് മാസം കൊണ്ട് വി.സി നിയമന ശിപാർശ നൽകണം.
സേർച് കമ്മിറ്റി അംഗങ്ങൾ:
എംജി സർവകലാശാല: മിസോറം സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.കെ.ആർ.എസ്.സാംബശിവ റാവു, കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്‌ട്രിയൽ റിസർച് ഡയറക്ടർ ഡോ. സി.ആനന്ദകൃഷ്ണൻ.
കാർഷിക സർവകലാശാല: മുൻ പ്രഫസർ ഡോ. വി.സി.ജയമണി, ലക്നൗ സർവകലാശാല വൈസ് ചാൻസലർ പ്രഫ. അലോക് കുമാർ റായ്, ഡോ. ഹിമൻഷു പഥക്.
എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല: ജാർഖണ്ഡ് കേന്ദ്രസർവകലാശാല വൈസ് ചാൻസലർ പ്രഫ.ക്ഷിതി ഭൂഷൻ ദാസ്, കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലർ പ്രഫ. പി.രാജേന്ദ്രൻ, വിഎസ്എസ്‌സി ഡയറക്ടർ ഡോ. എസ്.ഉണ്ണിക്കൃഷ്ണൻ നായർ.
കേരള സർവകലാശാല: കർണാടക കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പ്രഫ.ബട്ടു സത്യനാരായണ, ഐ എസ്ആർഒ ചെയർമാൻ ഡോ.എസ്.സോമനാഥ്
മലയാളം സർവകലാശാല: കേന്ദ്ര സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ജാൻസി ജയിംസ്, കർണാടക കേന്ദ്ര യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രഫ. ബട്ടു സത്യനാരായണ
ഫിഷറീസ് സർവകലാശാല: ജമ്മു കശ്മീർ കേന്ദ്ര സർവകലാശാല പ്രഫ. സഞ്ജീവ് ജെയ്ൻ, കൊച്ചിൻ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. പി.കെ.അബ്ദുൽ അസീസ്, ഐഎസിഎആർ ഡപ്യൂട്ടി ജനറൽ ഡയറക്ടർ ഡോ. ജെ.കെ ജീന.