ജഡ്ജിമാരെ തിരഞ്ഞെടുക്കുന്ന കൊളീജിയം സംവിധാനത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാതെ കേന്ദ്രസർക്കാർ, സർക്കാർ പ്രതിനിധിയെ കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യം.
ജഡ്ജിമാരെ തിരഞ്ഞെടുക്കാനുള്ള കൊളീജിയത്തിൽ സർക്കാർ പ്രതിനിധിയെ കൂടി ഉൾപ്പെടുത്തണമെന്ന കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ കേന്ദ്രം. ഇത് സംബന്ധിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കേന്ദ്ര നിയമ മന്ത്രി കത്തയച്ചു. ജഡ്ജിമാരുടെ നിയമനത്തിന് സർക്കാർ പ്രതിനിധി അനിവാര്യമാണെന്ന് കത്തിൽ പറയുന്നു. സുപ്രീം കോടതി കൊളീജിയത്തിൽ കേന്ദ്രസർക്കാർ പ്രതിനിധിയെയും, ഹൈക്കോടതി കൊളീജിയത്തിൽ സംസ്ഥാന സർക്കാർ പ്രതിനിധിയെയും ഉൾപ്പെടുത്തണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. ഇത് സംബന്ധിച്ച് സുപ്രീംകോടതിയും കേന്ദ്രവും തമ്മിലുള്ള അഭിപ്രായവ്യത്യാസം നിലനിൽക്കവെയാണ് നിയമ മന്ത്രിയുടെ കത്ത്.
ആവർത്തിച്ച് നൽകുന്ന ശുപാർശകൾ അംഗീകരിക്കാൻ കേന്ദ്രം തയ്യാറാകണമെന്ന് ചൂണ്ടിക്കാട്ടി നിയമമന്ത്രി ചീഫ് ജസ്റ്റിസിന് കത്ത് നൽകിയിരുന്നു.കർണാടക ഹൈക്കോടതിയിലേക്ക് അഭിഭാഷകനായ നാഗേന്ദ്ര രാമചന്ദ്ര നായിക്കിനെ നിയമിക്കാൻ മൂന്നാമതും ശുപാർശ നൽകിയ വേളയിലാണ് ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് കത്ത് നൽകിയത്. എന്നാൽ കേന്ദ്രസർക്കാരിന്റെ ആവശ്യം സുപ്രീം കോടതി കൊളീജിയത്തിന് സ്വീകാര്യമല്ല എന്നാണ് സൂചനകൾ. ജഡ്ജി നിയമനത്തിന് നിലവിലുള്ള മാനദണ്ഡങ്ങൾ ഭേദഗതി ചെയ്യാൻ പറ്റില്ല എന്നാണ് കൊളത്തിന്റെ നിലപാട്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് , ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, കെ എം ജോസഫ്, എം ആർ ഷാ, അജയ് റസ്തോഗി, സഞ്ജീവ് ഖന്ന എന്നിവരാണ് നിലവിലെ സുപ്രീംകോടതി കൊളീജിയം.