ജയസൂര്യ പറഞ്ഞത് കർഷകരുടെ വികാരമാണെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരന്‍. ജയസൂര്യ ഒരു പാർട്ടിയുടെയും ഭാഗമല്ലെന്നും കൃഷിമന്ത്രിയുടെ സിനിമയാണ് പൊട്ടിപ്പോയതെന്നും കെ മുരളീധരൻ പറഞ്ഞു. മന്ത്രി കൃഷി ഇറക്കിയതല്ലാതെ കർഷകരാരും കൃഷി ഇറക്കുന്നില്ല. മന്ത്രിക്ക് വേദിയിൽ തന്നെ ജയസൂര്യക്ക് മറുപടി പറയാമായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.
ജയസൂര്യയുടെ പ്രസ്താവന തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ രംഗത്തെത്തിയിരുന്നു. ജയസൂര്യയുടെ സുഹൃത്ത് കൃഷ്ണപ്രസാദ് ബി.ജെ.പി രാഷ്ട്രീയമുള്ളയാളാണെന്നും അയാൾക്ക് കുടിശ്ശികയെല്ലാം കൊടുത്തു തീർത്തെന്നും മന്ത്രി പറഞ്ഞു. ജയസൂര്യയുടെ സുഹൃത്ത് കൃഷ്ണപ്രസാദ് നടത്തിയ പ്രസ്താവന തെറ്റാണ്. ആ പ്രസ്താവനയുടെ വസ്തുത മനസ്സിലാക്കാതെയാണ് ജയസൂര്യ പ്രതികരിച്ചത് -മന്ത്രി പറഞ്ഞു.
‘ജയസൂര്യയുടെ സുഹൃത്തും സിനിമ-സീരിയല്‍ നടനുമായ കൃഷ്ണപ്രസാദില്‍നിന്ന് സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില നല്‍കിയിട്ടില്ലെന്നും അത് ലഭിക്കാൻ തിരുവോണ ദിവസം ഉപവാസമിരിക്കുന്നെന്നുമാണ് ജയസൂര്യ പറഞ്ഞത്. ഇത് വാസ്തവവിരുദ്ധമാണ്. കൃഷ്ണപ്രസാദ് കോട്ടയം പായിപ്പാട് കൃഷിഭവന് കീഴില്‍ കൊല്ലാത്ത് ചാത്തന്‍കേരി പാടശേഖരത്തെ 1.87 ഏക്കര്‍ ഭൂമിയില്‍ വിളയിച്ച 5,568 കിലോ നെല്ല് സപ്ലൈകോ സംഭരിച്ചിരുന്നു. അതിന്റെ വില 1.57 ലക്ഷം രൂപ ജൂലൈയില്‍ എസ്.ബി.ഐ വഴി പി.ആര്‍.എസ് വായ്പയായി നല്‍കി. 2022-23 സീസണില്‍ കര്‍ഷകരില്‍നിന്ന് സംഭരിച്ച 7.31 ലക്ഷം മെട്രിക് ടൺ നെല്ലിന്റെ വിലയായി 2070.71 കോടി രൂപയാണ് നല്‍കേണ്ടിയിരുന്നത്. ഇതില്‍ 1817.71 കോടി രൂപ വിതരണം ചെയ്തു. 50,000 രൂപ വരെ നെല്ലിന്റെ വില നല്‍കേണ്ട കര്‍ഷകര്‍ക്ക് പൂർണമായും ബാക്കി കര്‍ഷകര്‍ക്ക് വിലയുടെ 28 ശതമാനവും ഓണത്തിന് മുമ്പ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തിരുന്നു. ബാക്കി 253 കോടി രൂപ പി.ആര്‍.എസ് വായ്പയായി വിതരണം ചെയ്യാൻ എസ്.ബി.ഐ, കാനറ ബാങ്കുകളുമായി ധാരണപത്രം ഒപ്പിടുകയും വിതരണം ആഗസ്റ്റ് 24ന് ആരംഭിക്കുകയും ചെയ്തു’ -മന്ത്രി വ്യക്തമാക്കി.