ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഭീകരതയ്‌ക്കെതിരെ ഇന്ത്യയ്‌ക്കൊപ്പം അമേരിക്ക ശക്തമായി നിലകൊള്ളുമെന്ന് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. കശ്മീരില്‍ നിന്ന് വരുന്നത് വളരെ അസ്വസ്ഥതയുളവാക്കുന്ന വാര്‍ത്തകളാണെന്നും ഭീകരവാദത്തിനെതിരെ ഇന്ത്യയ്‌ക്കൊപ്പം ശക്തമായി നിലകൊള്ളുമെന്നും ട്രംപ് വ്യക്തമാക്കുന്നു.
ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ആത്മാക്കള്‍ക്കായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി മോദിക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും ഞങ്ങളുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും അനുശോചനം രേഖപ്പെടുത്തിയിരുന്നു.
ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടെന്നാണ് അനൗദ്യോഗിക വിവരം. വെടിവെപ്പില്‍ ഇരുപത് പേര്‍ക്ക് പരുക്കേറ്റു. ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായി അപലപിച്ചു. ആഭ്യന്തര മന്ത്രി അമിത്ഷാ കശ്മീരില്‍ എത്തി. ഭീകരാക്രമണം നടന്ന പ്രദേശം അദ്ദേഹം സന്ദർശിക്കും.