ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഓഷ്യൻസാറ്റ് ഉൾപ്പെടെ ഒൻപത് ഉപഗ്രഹങ്ങളുമായി കുതിച്ച പിഎസ്എൽവി-സി 54 ദൗത്യം വിജയം. ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയിൽനിന്ന് ഇന്ന് രാവിലെ 11.56നാണ് പിഎസ്എൽവി റോക്കറ്റിന്റെ വിക്ഷേപണം നടന്നത്. 1172 കിലോ ഭാരമുള്ള ഓഷ്യൻസാറ്റാണ് ഈ വിക്ഷേപണത്തിലെ ഏറ്റവും പ്രധാന ഉപഗ്രഹം. വിക്ഷേപണം കഴിഞ്ഞ് ഏകദേശം 20 മിനിറ്റിനുള്ളിൽ 742 കിലോമീറ്റർ ഉയരത്തിൽ എത്തിയ ശേഷം ഓഷ്യൻസാറ്റ് വേർപെട്ടു. റോക്കറ്റ് 516 കിലോമീറ്ററിലേക്കു താഴ്ത്തിയാണ് അടുത്ത ഉപഗ്രഹം സ്ഥാപിക്കുന്നത്. അവസാന ഉപഗ്രഹം 528 കിലോമീറ്റർ ഉയരത്തിലാണു സ്ഥാപിക്കുന്നത്.
ഓഷ്യൻസാറ്റ് ശ്രേണിയിലെ മൂന്നാം തലമുറ ഉപഗ്രഹമാണ് ഭൗമ നിരീക്ഷണ ഉപഗ്രഹം-6 (ഇഒഎസ്–6). ഇന്ത്യയുടെ സഹകരണത്തോടെ ഭൂട്ടാൻ വികസിപ്പിച്ച ഉപഗ്രഹം ഐഎൻഎസ് 2ബി, സ്വകാര്യ സ്റ്റാർട്ടപ്പ് പിക്സൽ ഇന്ത്യയുടെ ‘ആനന്ദ്’, ബഹിരാകാശ സ്റ്റാർട്ടപ്പായ ധ്രുവ സ്‌പേസിന്റെ ‘തൈബോൾട്ട്’ (രണ്ട് ഉപഗ്രഹങ്ങൾ) യുഎസിന്റെ സ്പേസ് ഫ്ലൈറ്റ് ഇൻക് വികസിപ്പിച്ച നാല് ഉപഗ്രഹങ്ങൾ എന്നിവയാണ് ഇന്നു ഭ്രമണപഥത്തിലെത്തിയത്.