ഭൂകമ്പം വിതച്ച ദുരന്തത്തിൽ നിന്നും മാറും മുൻപേ സിറിയയിൽ ഇസ്രായേലിന്റെ ആക്രമണം. സിറിയയിലെ സെൻട്രൽ ഡമാസ്കസിൽ ഞായറാഴ്ച രാവിലെ ആണ് ഇസ്രായേൽ റോക്കറ്റ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ അഞ്ചുപേർ കൊലപ്പെട്ടതായും നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും സിറിയൻ സൈന്യം അറിയിച്ചു. സിറിയയിൽ ഇറാൻ സ്ഥാപിച്ച സുരക്ഷാ സമുച്ചയന്റെ സമീപമാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ.
പീഠഭൂമിയായ ഗോലാൻ ഹൈറ്റ്സിൽ നിന്നാണ് റോക്കറ്റുകൾ വിക്ഷേപിച്ചതെന്ന് സിറിയയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സിറിയയിൽ ഭൂകമ്പം വിതച്ച ദുരന്തത്തിൽ 5800ലധികം ജീവനുകളാണ് നഷ്ടമായത്. ഇപ്പോഴും ദുരന്തക്കെടുതി അനുഭവിക്കുന്ന ജനതയുടെ മേൽ ഇസ്രായേൽ നടത്തിയ ഈ ആക്രമണം മനുഷ്യത്വത്തിനെതിരായ കുറ്റമായി കണക്കാക്കണമെന്ന് സിറിയൻ വിദേശകാര്യ മന്ത്രി ഫൈസൽ മൊക്ദാദ് പ്രതികരിച്ചു.
ഇസ്രായേലിന്റെ ആക്രമണത്തിൽ തലസ്ഥാനത്തെ ചരിത്രപ്രധാനമായ കോട്ടയ്ക്ക് നാശനഷ്ടങ്ങൾ സംഭവിച്ചതായി സിറിയയിലെ പുരാവസ്തു ഡയറക്ടറേറ്റ്, റോയിട്ടേഴ്‌സിനെ അറിയിച്ചു. ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് നടത്തുന്ന കേന്ദ്രത്തിലെ ലോജിസ്റ്റിക് കേന്ദ്രം ലക്ഷ്യമാക്കിയാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്ന് രഹസ്യ അന്വേഷണ ഏജൻസി റിപ്പോർട്ട് ചെയ്തു.