ചൈനയിൽ അത്യന്തം ഭീതിപരത്തി വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡിന്റെ പുതിയ വകഭേദം ബി എഫ് 7 ഇന്ത്യയിൽ സ്ഥിതീകരിച്ചതിനു പിന്നാലെ വീണ്ടും മുന്നറിയിപ്പുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. മാസ്ക്, ശാരീരിക അകലം, സാനിറ്റൈസർ ഇവ നിർബന്ധമായും തുടരണമെന്നും രാജ്യാന്തര യാത്രകൾ പൂർണമായും ഒഴിവാക്കണമെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും ഐ എം എ ആവർത്തിച്ചു പറഞ്ഞു.
ലോകസാഹചര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും ആവശ്യമെങ്കിൽ വിദേശത്ത് നിന്ന് വരുന്ന വിമാന യാത്രക്കാരുടെ സാംപിളുകൾ പരിശോധനയ്ക്ക് അയക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ പറഞ്ഞു. കോവിഡ് വിട്ടുപോയിട്ടില്ല രൂപമാറ്റം സംഭവിച്ച് പുതിയ വകഭേദങ്ങൾ ഉണ്ടാകുകയാണ്. അതുകൊണ്ട് തന്നെ എല്ലാവരും ബൂസ്റ്റർ ഡോസ് അടക്കമുള്ള മുൻകരുതൽ എടുക്കണമെന്നും മന്ത്രി പറഞ്ഞു. എല്ലാവർക്കും മുൻകരുതൽ ഡോസ് എടുക്കാൻ അതാത് സംസ്ഥാനങ്ങൾ മുൻകൈ എടുക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ലോകസാഹചര്യം വിലയിരുത്തി കേന്ദ്രസർക്കാർ സംസ്ഥാന ങ്ങൾക്ക് പുതിയ മാർഗദർശനം നൽകിയേക്കുമെന്നും മന്ത്രി അറിയിച്ചു