5 പതിറ്റാണ്ട് കാലം മലയാള സിനിമയിൽ നിറഞ്ഞുനിന്ന ഇന്നസെന്റ് അന്തരിച്ചത് അർബുദം മൂലമല്ല. നീണ്ടനാൾ അദ്ദേഹം അർബുദ ബാധിതയായിരുന്നെങ്കിലും പൂർണ്ണമായും അദ്ദേഹം രോഗമുക്തി നേടിയിരുന്നതായി കാൻസർ രോഗവിദഗ്ധൻ ഡോ. വി പി ഗംഗാധരൻ പറഞ്ഞു. എന്നാൽ കോവിഡ് ഇന്നസെന്റിന്റെ ശ്വാസകോശത്തെ ബാധിക്കുകയും തുടർന്നുണ്ടായ ഗുരുതരശാരീരിക പ്രശ്ങ്ങളാണ് അദ്ദേഹത്തിൻറെ മരണത്തിലേക്ക് നയിച്ചതെന്നും ഡോ. വി പി ഗംഗാധരൻ വെളിപ്പെടുത്തി. കഴിഞ്ഞ ഒക്ടോബർ മുതലാണ് അദ്ദേഹത്തിന് അസുഖം തുടർച്ചയായി പിടിപെട്ടിരുന്നതെന്നും പിന്നീട് ഇടയ്ക്കിടയ്ക്ക് ചികിത്സ തേടിയിരുന്നതായും അദ്ദേഹം പറഞ്ഞു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം. പല അവയവങ്ങളും പ്രവർത്തനക്ഷമമല്ലാതായെന്ന് മെഡിക്കൽ വിദഗ്ധ സംഘം വ്യക്തമാക്കി. 75-ആം വയസിലാണ് അന്ത്യം സംഭവിച്ചത്.
കൊച്ചി ലേക് ഷോർ ആശുപത്രിയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചികിത്സയിലായിരുന്ന ഇന്നസെന്റ് രാത്രി 10.30 ഓടെയാണ് മരണത്തിനു കീഴടങ്ങിയത്. മാർച്ച് മൂന്നിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചാലക്കുടിയിൽ നിന്നുള്ള മുൻ എം പി കൂടിയായിരുന്നു ഇന്നസെന്റ്.