ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ ആദായനികുതി വകുപ്പ് നടത്തിവന്ന പരിശോധന അവസാനിച്ചു. മൂന്നാം ദിവസമാണ് പരിശോധന അവസാനിപ്പിച്ച് ഉദ്യോഗസ്ഥർ മടങ്ങിയത്. മൂന്ന് ദിവസങ്ങളിലായി 60 മണിക്കൂറോളം പരിശോധന നടന്നു.
അതിനിടെ ബിബിസി ഓഫീസുകളിലെ പരിശോധനയിൽ പ്രതികരണവുമായി ആദായ നികുതി വകുപ്പ് രംഗത്തെത്തി. ക്ളോണിങ് നടത്തിയത് പ്രധാനപ്പെട്ട ഉപകരണങ്ങൾ മാത്രമാണ്. അതിന് ശേഷം ഇവ തിരികെ നൽകി. മൊഴി രേഖപ്പെടുത്തിയത് ഏറ്റവും പ്രധാനപ്പെട്ട ജീവനക്കാരുടെ മാത്രമാണെന്നും നടപടികൾക്കിടെ ആരുടെയും ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടില്ലെന്നും ആദായ നികുതി വകുപ്പ് വിശദീകരിച്ചു. ജീവനക്കാരെ പതിവുപോലെ ജോലി ചെയ്യാനും പുറത്ത് പോകാനും അനുവദിച്ചു. മറുപടി നൽകാൻ വേണ്ടത്ര സമയം നൽകിയെന്നും ആദായ നികുതി വകുപ്പ് വിശദീകരിക്കുന്നു.
ബിബിസിയുടെ അന്താരാഷ്ട്ര നികുതി സംബന്ധിച്ച പ്രശ്‌നങ്ങൾ അന്വേഷിക്കാൻ ചൊവ്വാഴ്ച രാവിലെ 11:30 നാണ് ഉദ്യോഗസ്ഥർ ഡൽഹിയിലെയും മുംബൈയിലെയും ഓഫീസുകളിൽ എത്തിയത്. ചൊവ്വാഴ്ച മുതൽ ആദായ നികുതി വകുപ്പ് ആരംഭിച്ച സർവേ വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് അവസാനിച്ചത്. ആദായനികുതി വകുപ്പിന്റെ നടപടി അവസാനിച്ചതിന് പിന്നാലെ ബിബിസി പ്രസ്താവന പുറത്തിറക്കി. ഡൽഹി, മുംബൈ ഓഫീസുകളിൽ നിന്ന് ആദായനികുതി സംഘങ്ങൾ മടങ്ങിയെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ബിബിസി അറിയിച്ചു. ബിബിസിയുടെ പ്രവർത്തനം ഇപ്പോൾ സാധാരണ നിലയിലാണ്. അന്വേഷണവുമായി സഹകരിക്കാൻ എല്ലാ ജീവനക്കാരോടും ബിബിസി ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതോടൊപ്പം ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് ഒരു ഡാറ്റയും ഡിലീറ്റ് ചെയ്യരുതെന്ന് ജീവനക്കാർക്ക് നിർദ്ദേശം നൽകി.