കൊച്ചി : മലയാള സിനിമ നിർമ്മാണ മേഖലയിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 225 കോടിയോളം രൂപയുടെ കള്ളപ്പണം കണ്ടെടുത്തു. നികുതിയായി സർക്കാർ ഖജനാവിലേക്ക് എത്തേണ്ട 72 കോടിയോളം രൂപ ഇതിൽ ഉൾപ്പെടും. പ്രമുഖ താരങ്ങൾ വിദേശത്ത് സ്വത്തുക്കൾ വാങ്ങിയതിലെ ക്രമക്കേടുകളും കണ്ടെത്തിയിട്ടുണ്ട്. റെയ്ഡിന്റെ ഭാഗമായി ഇന്നലെ മോഹൻലാലിന്റെ മൊഴിയെടുത്തു.
കഴിഞ്ഞ ഡിസംബർ 15 മുതൽ മലയാളസിനിമ നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട നിർമ്മാതാക്കളുടെ വീടുകളിലും പ്രമുഖ താരങ്ങളുടെ വീടുകളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. നിർമ്മാതാക്കളായ ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ, മമ്മൂട്ടി,മോഹൻലാൽ, പൃഥ്വിരാജ് എന്നിവരുടെ വീട് കേന്ദ്രീകരിച്ച് ആയിരുന്നു അന്ന് അന്വേഷണം നടത്തിയത്. ആന്റണി പെരുമ്പാവൂരിന്റെ പെരുമ്പാവൂരിൽ ഉള്ള വീട്ടിലും മറ്റുള്ളവരുടെ കൊച്ചിയിൽ ഉള്ള വീടുകളിലുമാണ് റെയ്ഡ് നടന്നത്.
ഒരു സിനിമ ഇറങ്ങി കഴിഞ്ഞ് ഒരു മാസത്തിനുള്ളിലോ രണ്ടാഴ്ചക്കുള്ളിലോ തന്നെ കളക്ഷൻ അമ്പതും എഴുപതും കോടി കഴിഞ്ഞതായി ചില നിർമ്മാതാക്കൾ സാമൂഹ്യ മാധ്യമങ്ങളിൽ അവകാശപ്പെട്ടിരുന്നു. ഈ അവകാശവാദം മുൻനിർത്തിയായിരുന്നു ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ഇതുവരെ 225 കോടിയുടെ കള്ളപ്പണമാണ് കണ്ടെത്തിയിട്ടുള്ളത്. ചില താരങ്ങളും നിർമ്മാതാക്കളും ഗൾഫ് രാജ്യങ്ങളിൽ വൻ നിക്ഷേപം നടത്തിയതായും ഇവർ നിർമ്മിക്കുന്ന സിനിമയുടെ ഓവർസീസ് വിതരണാവകാശത്തിന്റെ മറവിലാണ് കള്ളപ്പണമിടപാട് എന്നും നികുതി വകുപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചിലരുടെ വിദേശ ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങൾ പരിശോധിക്കൽ നടപടി ഇൻവെസ്റ്റിഗേഷൻ വിഭാഗം തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ചില തമിഴ് സിനിമ നിർമ്മാതാക്കളും ബിനാമി ഇടപാടിലൂടെ മലയാള സിനിമയിൽ ഇടപെടൽ നടത്തുന്നതായും ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.