തിരുവനന്തപുരത്ത് വഴുതക്കാട് ആകാശവാണിക്ക് സമീപമുള്ള അക്വേറിയം കടയ്ക്ക് തീപിടിച്ചു. തുടർന്ന് സമീപത്തെ മൂന്ന് വീടുകളിലേക്കും തീ പടർന്നു. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് എംപി അപ്പൻ റോഡിലുള്ള അക്വേറിയം കടയ്ക്ക് തീ പിടിച്ചത്. നാല് അഗ്നിശമനാസേന യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കുന്നുണ്ട്. പ്രദേശമാകെ പുകമൂടിയ അവസ്ഥയിലാണുള്ളത്.
തീപിടുത്തം ഉണ്ടാകുന്ന സമയത്ത് ഷോപ്പിൽ 5 ജീവനക്കാരാണ് ഉണ്ടായിരുന്നത്. കടയ്ക്കുള്ളിൽ തീ പടർന്നതോടെ അവർ പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. കടയുടെ പിന്നിലെ ഷീറ്റ് തകർത്തു അകത്തേക്ക് വെള്ളം ഒഴിച്ച് തീ കെടുത്താനുള്ള ശ്രമമാണ് ആദ്യം നടന്നത് .കടയുടെ സമീപം ഡ്രൈനേജിന്റെ പണി നടക്കുന്നതിനാൽ ഫയർഫോഴ്സിനും കയറിപ്പോകാൻ ബുദ്ധിമുട്ടാണെന്ന് സമീപവാസികൾ പറഞ്ഞു. അടുത്തുള്ള വീടുകളിലേക്കും തീ പടരുകയായിരുന്നു. ഫയർഫോഴ്സ് എത്തി അടുത്തുള്ള വീടുകളിൽ നിന്നും ആളുകളെ ഒഴിപ്പിക്കുകയും തീ പടരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുകയും ചെയ്തിട്ടുണ്ട്.
30 വർഷമായി പ്രവർത്തിച്ചു പോരുന്ന അക്വേറിയം കടയ്ക്കാണ് തീ പിടിച്ചത്. ഇവിടെ നിന്നുമാണ് നഗരത്തിലെ ഒട്ടുമിക്ക കടകളിലേക്കും അക്വേറിയവും മീനും വിതരണം ചെയ്തിരുന്നത്. പഴയ ഒരു വീടിനോട് ചേർന്നാണ് അക്വേറിയം പ്രവർത്തിച്ചിരുന്നത്. എങ്ങനെയാണ് തീ പടർന്നത് എന്ന കാര്യം ഇതുവരെ അറിയാൻ കഴിഞ്ഞിട്ടില്ല എന്ന് അധികൃതർ അറിയിച്ചു.