അന്തരിച്ച നടനും ചാലക്കുടി മുന്‍ എംപിയുമായി ഇന്നസെന്‍റിന് ജന്മനാടായ ഇരിങ്ങാലക്കുട അന്ത്യാഞ്ജലി അർപ്പിച്ചു. പൊതുദർശനത്തിനായി മൃതദേഹം ഇരിങ്ങാലക്കുട ടൗൺ ഹാളിലെത്തിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ അന്തിമോപചാരം അർപ്പിച്ചു. ഇന്നസെന്‍റിന്‍റെ ജന്മദേശമായ ഇരിങ്ങാലക്കുട ടൌണ്‍ ഹാളില്‍ എത്തിയാണ് 50 കൊല്ലത്തോളം സിനിമ രംഗത്ത് സജീവമായ ഇന്നസെന്‍റിന് മുഖ്യമന്ത്രി അന്തിമോപചാരം അര്‍പ്പിച്ചത്. ഭാര്യ കമലയ്ക്കൊപ്പമാണ് മുഖ്യമന്ത്രി എത്തിയത്. മന്ത്രിമാരായ ആര്‍.ബിന്ദു, കെ രാധാകൃഷ്ണന്‍, എംബി രാജേഷ് തുടങ്ങിയവര്‍ ഇരിങ്ങാലക്കുട ടൌണ്‍ ഹാളില്‍ എത്തിയിരുന്നു.
കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെ പൊതുദർശനത്തിനു ശേഷമാണ് വിലാപയാത്രയായി ഇരിങ്ങാലക്കുടയിലെത്തിച്ചത്. വൈകിട്ടു 5നു വീട്ടിലേക്കു കൊണ്ടുപോകും. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നാളെ രാവിലെ 10നാണ് സംസ്കാരചടങ്ങുകൾ നടക്കുക.
ഇന്നസന്റിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ആസ്വാദകഹൃദയങ്ങളെ നർമം കൊണ്ട് നിറച്ച ഇന്നസന്റ് എന്നും ഓർമിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു”, എന്നാണ് പിഎംഒ ഓഫീസ് ട്വീറ്റ് ചെയ്തത്.
ഇന്ന് രാവിലെ 8 മണി മുതൽ 11 മണി വരെ കൊച്ചി ഇൻഡോർ സ്റ്റേഡിയത്തിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു സിനിമ രാഷ്ട്രീയ പൊതുമേഖലകളിലെ പ്രമുഖരും, സാധാരണക്കാരും അന്തരിച്ച നടന് അന്തോപചാരം അര്‍പ്പിച്ചു. തുടർന്നാണ് സ്വന്തം നാടായ തൃശൂരിലെ ഇരിങ്ങാലക്കുടയിലേക്ക് മൃതദേഹം വിലാപയാത്രയായി കൊണ്ടുപോയത്. ഞായറാഴ്ച രാത്രി 10. 30യോടെ എറണാകുളം ലേക്‌ഷോർ ആശുപത്രിയിൽ വച്ചായിരുന്നു ഇന്നസെന്റിന്റെ അന്ത്യം. മാർച്ച് മൂന്നിന് ആശുപത്രിയിൽ എത്തിച്ച ഇന്നസെന്റിന്റെ ജീവൻ, കുറച്ചുദിവസങ്ങളായി ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് നില നിർത്തിയിരുന്നത്.