നിയമന ശുപാര്‍ശയുമായി ബന്ധപ്പെട്ട കത്ത് വിവാദത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജി ഹൈക്കോടതി തളളി. തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുന്‍ കൗണ്‍സിലര്‍ കൂടിയായ ജി.എസ് ശ്രീകുമാറാണ് സിബിഐ അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഒഴിവുകൾ നികത്താനായി പാർട്ടി സെക്രട്ടറിക്ക് കത്തയച്ചത് സ്വജനപക്ഷപാതമാണെന്നായിരുന്നു ആക്ഷേപം. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആയിരത്തിലധികം അനധികൃത നിയമനങ്ങളാണ് കോർപ്പറേഷനിൽ നടന്നതെന്നും ഹർജിയിൽ ആരോപണമുണ്ട്. എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം ഇപ്പോള്‍ ആവശ്യമില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹര്‍ജി തള്ളിയത്.
ഇതോടെ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും സര്‍ക്കാരിനും ആശ്വാസമായി. മേയറുടെ പേരില്‍ വ്യാജ കത്ത് തയ്യാറാക്കിയത് ആരെന്ന ചോദ്യത്തിന് പാര്‍ട്ടിക്കും മറുപടിയില്ല. കേസില്‍ ക്രൈംബ്രാഞ്ച് 10 പേരുടെ മൊഴികളും മറ്റ് രേഖകളും ശേഖരിച്ചിട്ടുണ്ട്. അതേസമയം തന്റെ പേരിലുള്ള കത്ത് വ്യാജമെന്ന് മേയര്‍ ആര്യരാജേന്ദ്രനും നേരത്തെ കോടതിയില്‍ മറുപടി നല്‍കിയിരുന്നു ആരോപണം തെളിയിക്കാനുളള തെളിവുകള്‍ ഹര്‍ജിക്കാരന്റെ പക്കലില്ലെന്നും കത്തിന്റെ പേരില്‍ കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വാദം.