ലെബനനിലെ ബെയ്റൂട്ടിൽ നടന്ന വൻ വ്യോമാക്രമണത്തിൽ ലെബനനിലെ ഭീകര സംഘടനയായ ഹിസ്ബുള്ളയുടെ തലവൻ ഹസൻ നസ്റല്ല കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) ശനിയാഴ്ച അവകാശപ്പെട്ടു. ഹിസ്ബുള്ള നേതൃത്വം ബെയ്റൂട്ടിൻ്റെ തെക്ക് ദഹിയയിലെ അവരുടെ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയപ്പോൾ വ്യോമസേനയുടെ ജെറ്റുകൾ കൃത്യമായ വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം പറഞ്ഞു.
“ഹസൻ നസ്‌റല്ലയ്ക്ക് ഇനി ലോകത്തെ ഭയപ്പെടുത്താൻ കഴിയില്ല,” ഐഡിഎഫ് ട്വീറ്റ് ചെയ്തു. അതേസമയം 1992 മുതൽ സംഘടനയുടെ തലവനായി ചുമതലയേറ്റ നസ്‌റല്ലയ്ക്ക് പരിക്കില്ല എന്നാണ് ഹിസ്ബുള്ള വക്താവിൻ്റെ പ്രതികരണം.
3 പതിറ്റാണ്ടായി ഹിസ്ബുല്ലയുടെ നേതൃത്വത്തിലുളള സെക്രട്ടറി ജനറലാണ് ഹസൻ നസ്റല്ല. ലെബനോനിലും പശ്ചിമേഷ്യയിലും ഏറ്റവും സ്വാധീനമുളള സായുധ സംഘടനയായി ഹിസ്ബുല്ലയെ വളർത്തിയെടുത്തത് ഹസൻ നസ്റല്ലയാണ്. അബ്ബാസ്-അൽ-മുസാവി കൊല്ലപ്പെട്ടപ്പോൾ 1992ൽ 32 ആം വയസിൽ നേതൃത്വം ഏറ്റെടുത്താണ് ഹിസ്ബുല്ലയുടെ തലപ്പത്തേക്ക് ഷെയിഖ് ഹസൻ നസ്റല്ല എത്തിയത്.
സമീപ മാസങ്ങളിൽ ഇസ്രയേലിൻ്റെ എതിരാളികൾക്കെതിരായുള്ള കൊലപാതകങ്ങളുടെ പരമ്പരയ്ക്കിടയിലാണ് ഈ സംഭവം. ഹമാസിൻ്റെ രാഷ്ട്രീയ വിഭാഗം മേധാവി ഇസ്മായിൽ ഹനിയയെയും ഹിസ്ബുല്ലയുടെ ഉന്നത കമാൻഡർ ഫുആദ് ഷുക്കിനെയും ജൂലൈയിൽ കൊലപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ചത്തെ ആക്രമണത്തിൽ ഹിസ്ബുള്ളയുടെ സതേൺ ഫ്രണ്ടിൻ്റെ കമാൻഡർ അലി കർക്കിയും അധിക കമാൻഡർമാരും കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു. നസ്‌റല്ലയുടെ മകൾ സൈനബ് നസ്‌റള്ളയും ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിരവധി കെട്ടിടങ്ങൾ തകരുകയും ആയിരക്കണക്കിന് ലെബനൻ ജനതയെ കുടിയിറക്കുകയും ചെയ്തു.
ഹിസ്ബുള്ളയുടെ ആസ്ഥാനത്ത് 80 ലധികം ബോംബുകൾ വർഷിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു ബോംബിൽ ശരാശരി ഒരു ടൺ സ്ഫോടകവസ്തുക്കൾ ഉണ്ടായിരുന്നു. വെള്ളിയാഴ്ച നടന്ന വ്യോമാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും 91 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എങ്കിലും മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.