തിരുവനന്തപുരം: സജി ചെറിയാന്റെ സത്യപ്രതിജ്ഞ സംബന്ധിച്ച മുഖ്യമന്ത്രിയുടെ ശുപാർശ തള്ളിക്കളയാൻ ആവില്ലെന്ന് ഗവർണർക്ക് നിയമപദേശം ലഭിച്ചു. വേണമെങ്കിൽ ഗവർണർക്ക് കൂടുതൽ വ്യക്തത തേടാം എന്നും സ്റ്റാൻഡിങ് കൗൺസിൽ നിർദ്ദേശിച്ചു. ഇതോടെ ഭരണഘടന വിരുദ്ധ പരാമർശനത്തിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന് തിരികെ മന്ത്രിസഭയിലേക്ക് തിരികെവരാം . സത്യപ്രതിജ്ഞ സംബന്ധിച്ച് ഗവർണർ സ്റ്റാൻഡിങ് കൗൺസിലിനോട് ഉപദേശം തേടിയിരുന്നു. ഗവർണർ നാളെ വൈകിട്ട് തലസ്ഥാനത്ത് എത്തിച്ചേരും. ഇക്കാര്യത്തിൽ ഗവർണറുടെ തീരുമാനം കാത്തിരിക്കുകയാണ് സർക്കാർ.
ഭരണഘടനയെ വിമർശിച്ച് ജൂലൈ മൂന്നിനായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം നടന്നത്. തുടർന്നുണ്ടായ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ ജൂലൈ 6ന് അദ്ദേഹം രാജിവച്ചു. പോലീസ് അന്വേഷിച്ചു സജി ചെറിയാന് ക്ലീൻചിറ്റ് നൽകിയതോടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പച്ചക്കൊടി കാണിക്കുകയായിരുന്നു. ഇതോടെ സജി ചെറിയാന് വീണ്ടും മന്ത്രിസഭയിലേക്ക് എത്താൻ അവസരം ഒരുങ്ങി. നേരത്തെ കൈകാര്യം ചെയ്തിരുന്ന സാംസ്കാരികം, ഫിഷറീസ്, യുവ ജന വകുപ്പുകൾ തന്നെ സജി ചെറിയാന് തിരികെ കിട്ടും എന്നാണ് സൂചന