കൊച്ചി: കൊച്ചിയിൽ ഗസ്റ്റ് ഹൌസിലായിരുന്നു മീഡിയ വണ്ണിനെയും കൈരളി ചാനലിനെയും വിലക്കിയുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാർത്താസമ്മേളനം നടന്നത്. ഗെറ്റ് ഔട്ട് ഫ്രം ഹിയർ എന്ന് പറഞ്ഞായിരുന്നു ഗവർണറുടെ മാധ്യമ വിലക്ക്. മീഡിയ വണ്ണിന്റെയും കൈരളി ചാനലിന്റെയും പ്രതിനിധികൾ ഉണ്ടെങ്കിൽ പുറത്തുപോകണമെന്ന് ആദ്യം പറഞ്ഞ ഗവർണർ പിന്നീട് പലവട്ടം ഗെറ്റ് ഔട്ട് ഫ്രം ഹിയർ എന്ന് പറഞ്ഞു. കേഡർ മാധ്യമങ്ങളെന്ന് പറഞ്ഞായിരുന്നു ഗവർണർ മാധ്യമ വിലക്ക് പ്രഖ്യാപിച്ചത്. ഗവർണറുടെ ഓഫിസിന്‍റെ അറിയിപ്പ് അനുസരിച്ച് എത്തിയതായിരുന്നു ഇരു ചാനലുകളും.
മീഡിയ വണ്ണും കൈരളി ചാനലും ഉണ്ടോ എന്നും ഉണ്ടെങ്കിൽ താൻ സംസാരിക്കാതെ പോകുമെന്നും ഗവർണർ പറഞ്ഞു. വസ്തുതാപരമല്ലാത്ത കാര്യങ്ങൾ ഉന്നയിച്ച് കൈരളി ചാനലും മീഡിയ വണ്ണും തനിക്കെതിരെ നിരന്തരമായി ക്യാംപെയ്ൻ ചെയ്യുകയാണെന്നായിരുന്നു ഗവർണറുടെ ആരോപണം.കഴിഞ്ഞ 25 ദിവസമായി ഇത് തുടരുകയാണ്. അതുകൊണ്ട് ആ മാധ്യമങ്ങളോട് എന്തുവന്നാലും സംസാരിക്കില്ലെന്നും ഗവർണർ പറഞ്ഞു.