ഡൽഹിയിൽ നടക്കുന്ന ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാനായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്ത്യ സന്ദർശിക്കും. സെപ്തംബർ മാസം ഏഴു മുതൽ പത്തു വരെയുള്ള തീയതികളിലാകും ജോ ബൈഡൻ ഇന്ത്യ സന്ദർശിക്കുന്നത്. വൈറ്റ് ഹൗസ് വക്താവ് കരിൻ ജാൺ പിയർ വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജി20 നേതൃത്വത്തെയും ബൈഡൻ അഭിനന്ദിക്കുമെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
ന്യൂഡൽഹിയിലായിരിക്കുമ്പോൾ, പ്രസിഡന്റ് ബൈഡൻ പ്രധാനമന്ത്രി മോദിയുടെ ജി20 നേതൃത്വത്തെ അഭിനന്ദിക്കുകയും 2026-ൽ ആതിഥേയത്വം വഹിക്കുന്നതുൾപ്പെടെ സാമ്പത്തിക സഹകരണത്തിന്റെ പ്രധാന ഫോറമായി ജി20-നോടുള്ള യുഎസ് പ്രതിബദ്ധത വീണ്ടും സ്ഥിരീകരിക്കുകയും ചെയ്യുംമെന്നും പത്രക്കുറിപ്പ് പറഞ്ഞു. ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നടക്കുന്ന യുഎസ്-ആസിയാൻ ഉച്ചകോടിയിലും കിഴക്കൻ ഏഷ്യ ഉച്ചകോടിയിലും യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസാണ് പങ്കെടുക്കുക.
ജി20 ലോക നേതാക്കളുടെ ഉച്ചകോടി സെപ്തംബർ 9, 10 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കും. ഇന്ത്യയിലെ ലോക നേതാക്കളുടെ ഏറ്റവും വലിയ സമ്മേളനങ്ങളിലൊന്നായിരിക്കും ഇത്. 2022 ഡിസംബർ ഒന്നിന് ഇന്തോനേഷ്യയിൽ നിന്നാണ് ഇന്ത്യ ജി 20 പ്രസിഡൻസി ഏറ്റെടുത്തത്. കാലാവസ്ഥാ വ്യതിയാനം, ഊർജ പരിവർത്തനം, യുക്രെയ്ൻ യുദ്ധത്തിന്റെ ആഘാതം, ലോകബാങ്ക് ഉൾപ്പെടെയുള്ള ബഹുരാഷ്ട്ര വികസന ബാങ്കുകളുടെ കഴിവുകൾ വർധിപ്പിക്കൽ തുടങ്ങിയ ആഗോള വിഷയങ്ങൾ ബൈഡൻ ഉച്ചകോടിയിൽ ചർച്ച ചെയ്യും. ഉച്ചകോടി കണക്കിലെടുത്ത് ദേശീയ തലസ്ഥാനത്തെ ഡൽഹി സർക്കാരിന്റെയും മുനിസിപ്പൽ കോർപ്പറേഷന്റെയും എല്ലാ സ്കൂളുകളും ഓഫീസുകളും സെപ്റ്റംബർ 8, 9, 10 തീയതികളിൽ അടച്ചിരിക്കും.