മുൻ കേന്ദ്ര നിയമമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ ശാന്തി ഭൂഷൺ അന്തരിച്ചു. വാർധ്യകസഹജമായ അസുഖത്തെ തുടർന്ന് ദില്ലിയിലായിരുന്നു അന്ത്യം. 97 വയസായിരുന്നു. 1980 ൽ പ്രമുഖ എൻ ജി ഒയായ ‘സെന്‍റർ ഫോർ പബ്ലിക് ഇന്‍ററസ്റ്റ് ലിറ്റിഗേഷൻ’ സ്ഥാപിച്ചു. സുപ്രീംകോടതിയിൽ സംഘടന നിരവധി പൊതുതാൽപര്യ ഹർജികൾ നൽകിയിട്ടുണ്ട്.
1975 ജൂണിൽ അലഹബാദ് ഹൈക്കോടതി ഇന്ദിര ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ വിധിയിൽ എതിർവിഭാഗമായ രാജ് നാരായണിന് വേണ്ടി ഹാജരായത് ശാന്തി ഭൂഷണായിരുന്നു. 1977 മുതൽ 1979 വരെ മൊറാർജി ദേശായി മന്ത്രിസഭയിൽ നിയമമന്ത്രിയായിരുന്നു ശാന്തി ഭൂഷൺ. പൗരാവകാശങ്ങൾക്ക് വേണ്ടി ശക്തമായി വാദിക്കുകയും അഴിമതിക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുകയും ചെയ്ത വ്യക്തിയാണ് ശാന്തി ഭൂഷൺ. പൊതുതാൽപര്യം മുൻനിർത്തി നിരവധി കേസുകളിൽ ഹാജരായിട്ടുണ്ട്. പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ മകനാണ്.