ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലുള്ള മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ അതീവ സമ്മര്‍ദ്ദത്തില്‍ എന്ന് റിപോർട്ടുകൾ. ലൈഫ് മിഷന്‍ അഴിമതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തുറന്നു പറയേണ്ടിവരുമോ എന്ന ആശങ്കയും ശിവശങ്കറില്‍ പ്രകടമാണെന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ. രാഷ്ട്രീയ നേതൃത്വവും സിപിഎമ്മും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരും തന്നെ തള്ളിപ്പറയുമോ എന്ന ആശങ്കയും അദ്ദേഹത്തിനുണ്ട്. കൂടുതൽ വെളിപ്പെടുത്തലുകൾക്ക് വേണ്ടി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ ഒപ്പം ഇരുത്തി ചോദ്യം ചെയ്യാനുള്ള ഇഡിയുടെ നീക്കവും ശിവശങ്കറിൽ ആവലാതി ജനിപ്പിക്കുന്നുണ്ട്.
ലോക്കറിലെ ഒരു കോടിയ്ക്ക് അടുത്തുള്ള തുക ശിവശങ്കറിന്റെതാണ് എന്നാണ് ഇഡി കണ്ടെത്തിയിട്ടുള്ളത്. ശിവശങ്കര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ലോക്കര്‍ തുടങ്ങിയത് എന്ന് വേണുഗോപാല്‍ ഇഡിയ്ക്ക് മുന്‍പില്‍ വെളിപ്പെടുത്തിയിരുന്നു. പണം ശിവശങ്കറിന്റെതാണ് എന്നാണ് സ്വപ്ന സുരേഷും ഇഡി യോട് വെളിപ്പെടുത്തിയത്. എന്നാല്‍ ശിവശങ്കര്‍ ഈ കാര്യം നിഷേധിച്ചിട്ടുണ്ട്. ഒരുമിച്ചുള്ള ചോദ്യം ചെയ്യലില്‍ ഈ കാര്യങ്ങൾ എല്ലാം വ്യക്തമാവും.
ചോദ്യം ചെയ്യലിനോട് നിസ്സഹകരണം പ്രഖ്യാപിക്കുകയാണ് ശിവശങ്കര്‍ ചെയ്യുന്നത്. ചോദ്യം ചെയ്യലിൽ ഇതുവരെ ഒരു കാര്യവും അദ്ദേഹം തുറന്നു പറഞ്ഞിട്ടില്ല. മുന്‍പുള്ള ഔദ്യോഗിക പദവിയുടെ ഒരു ആനുകൂല്യവും അദ്ദേഹത്തിനു ലഭിക്കുന്നുമില്ല. അഞ്ച് ദിവസമാണ് കോടതി അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ വിട്ടു നല്‍കിയിരിക്കുന്നത്. കാര്യകാരണം വ്യക്തമാക്കിയാല്‍ പത്ത് ദിവസം നല്‍കാമെന്നു കോടതി പറഞ്ഞിട്ടുമുണ്ട്.