കരുത്തരായ ഇംഗ്ലണ്ടിനെ തകര്‍ത്ത് നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സ് ലോകകപ്പ് സെമി ഫൈനലില്‍ എത്തി. ഇതോടെ സെമി ഫൈനല്‍ ലൈനപ്പായി. അർജന്റീന ക്രൊയേഷ്യയെയും ഫ്രാൻസ് മൊറോക്കോയെയുമാണ് നേരിടുക. ഡിസംബർ 13 ചൊവ്വാഴ്ച രാത്രി 12.30 ന് അർജന്റീന-ക്രൊയേഷ്യ മത്സരവും ഡിസംബർ 14 ബുധൻ രാത്രി 12.30 ന് ഫ്രാൻസ്- മൊറോക്കോ മത്സരവും നടക്കും.
കടുത്ത പോരാട്ടങ്ങള്‍ക്കാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ വേദിയായത്. ആദ്യ മത്സരത്തില്‍ ബ്രസീലും ക്രൊയേഷ്യയും ഏറ്റുമുട്ടിയപ്പോള്‍ മത്സരം പെനാള്‍ട്ടി ഷൂട്ടൗട്ടിലേയ്ക്ക് നീണ്ടിരുന്നു. ബ്രസീലിനെ തകര്‍ത്ത് കഴിഞ്ഞ ലോകകപ്പിലെ റണ്ണര്‍ അപ്പുകളായ ക്രൊയേഷ്യ സെമി ഫൈനല്‍ ഉറപ്പിക്കുകയായിരുന്നു. രണ്ടാം മത്സരവും പെനാള്‍ട്ടി ഷൂട്ടൗട്ടിലാണ് കലാശിച്ചത്. ലോകകപ്പ് ഉയര്‍ത്താന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കുന്ന ടീമുകളിലൊന്നായ അര്‍ജന്റീനയെ വിറപ്പിച്ചാണ് ഹോളണ്ട് കീഴടങ്ങിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടിയെങ്കിലും എമിലിയാനോ മാര്‍ട്ടിനസിന്റെ തകര്‍പ്പന്‍ സേവുകള്‍ അര്‍ജന്റീനയ്ക്ക് സെമി ഫൈനലിലേയ്ക്ക് വഴിയൊരുക്കി. ഫ്രാന്‍സിനെതിരെ ഗംഭീരമായ പ്രകടനം പുറത്തെടുത്തെങ്കിലും ഇംഗ്ലണ്ടിന് പിഴച്ചു. 2-1ന് പിന്നില്‍ നില്‍ക്കവെ വീണുകിട്ടിയ നിര്‍ണായകമായ പെനാള്‍ട്ടി ഹാരി കെയ്ന്‍ പാഴാക്കിയതാണ് ഇംഗ്ലണ്ടിന്റെ ലോകകപ്പ് മോഹങ്ങള്‍ക്ക് തിരിച്ചടിയായത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഫ്രാന്‍സിന്റെ ജയം. ഒലിവര്‍ ജിറൂദ്, ഓറെലിയന്‍ ചൗമേനി എന്നിവരാണ് ഫ്രാന്‍സിന് വേണ്ടി ഗോളുകള്‍ നേടിയത്. ഇംഗ്ലണ്ടിന്റെ ആശ്വാസ ഗോള്‍ നായകന്‍ ഹാരി കെയ്ന്‍ സ്വന്തമാക്കി.
ബ്രസീലിന് ശേഷം (1958/1962) ലോകകപ്പ് നിലനിര്‍ത്തുന്ന ടീം എന്ന നേട്ടത്തിലേയ്ക്ക് ഒരുപടി കൂടി അടുത്തിരിക്കുകയാണ് ഫ്രാന്‍സ്. അതേസമയം, പോര്‍ച്ചുഗലിനെ അട്ടിമറിച്ച് മൊറോക്കോയും അവസാന നാലില്‍ ഇടംപിടിച്ചിട്ടുണ്ട്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മൊറോക്കോയുടെ ജയം. ലോകകപ്പ് സെമി ഫൈനലില്‍ എത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീം എന്ന നേട്ടമാണ് മൊറോക്ക സ്വന്തമാക്കിയിരിക്കുന്നത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ബെഞ്ചിലിരുത്തിയ പോര്‍ച്ചുഗീസ് പരിശീലകന്റെ പിഴവാണ് പോര്‍ച്ചുഗലിന് പുറത്തേയ്ക്കുള്ള വഴി തുറന്നത്. എതിരില്ലാത്ത ഒരു ഗോളിന് മൊറോക്കോ വിജയിച്ചപ്പോള്‍ കണ്ണീരോടെയാണ് റൊണാള്‍ഡോ മടങ്ങിയത്