ചൈനയിൽ വീണ്ടും ആശങ്ക പരത്തി കോവിഡ് കേസുകൾ കുത്തനെ കൂടുകയാണ്. ഉയർന്ന നിരക്കിലാണ്കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. തലസ്ഥാന നഗരമായ ബെയ്ജിംഗിൽ ഇന്ന് അഞ്ച് മരണം റിപ്പോർട്ട് ചെയ്തു. വൈറസ് വളരെ വേഗം പടരുകയാണ്. ബെയ്ജിംഗിൽ ജനസംഖ്യയുടെ 70 ശതമാനവും കോവിഡ് പിടിപെട്ടതായാണ് കണക്കാക്കുന്നത്.
ചൈനയിലെ എപ്പിഡെമിയോളജിസ്റ്റ് വു ജുന്യാവോ ആണ് മൂന്ന് തരംഗങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു . മൂന്ന് മാസത്തിനുള്ളിൽ മൂന്ന് കോവിഡ് തരംഗങ്ങൾ രാജ്യത്ത് വന്നേയ്ക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നത്. ഇപ്പോൾ അതിൽ ആദ്യ തരംഗത്തെയാണ് ചൈന അഭിമുഖീകരിക്കുന്നത്. ജനുവരി പകുതിയോടെ വൈറസ് വ്യാപനം അതിന്റെ അതിഭീകരമാകുമെന്നും മുന്നറിയിപ്പുണ്ട്. കൊറോണ വൈറസിന്റെ നിലവിലെ തരംഗം അടുത്ത 90 ദിവസത്തിനുള്ളിൽ രാജ്യത്തെ ജനസംഖ്യയുടെ 60 ശതമാനത്തിലധികം പേരെ ബാധിക്കുമെന്നും മരണസംഖ്യ ദശലക്ഷക്കണക്കിന് ഉയരുമെന്നും ഫീഗൽ ഡിംഗ് മുന്നറിയിപ്പ് നൽകി. ജനുവരി അവസാനം മുതൽ ഫെബ്രുവരി പകുതി വരെ രണ്ടാം തരംഗം ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. മൂന്നാം തരംഗം ഫെബ്രുവരി അവസാനം ആരംഭിക്കും. ഈ സമയത്ത് കോവിഡ് കേസുകൾ കുറയാനുള്ള സാദ്ധ്യത കുറവാണെന്നും ദിനം പ്രതി കേസുകൾ വർദ്ധിക്കുമെന്നും വു ജുന്യാവോ മുന്നറിയിപ്പ് നൽകി
കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ ആശുപത്രിയിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള തിരക്കിലാണ് അധികൃതർ. ബെയ്ജിംഗിലെ ഷിജിംഗ്ഷാൻ ജില്ലയിലെ ഒരു ജിം 150-ലധികം കിടക്കകളുള്ള ക്ലിനിക്കായി കഴിഞ്ഞ ആഴ്ച മാറ്റിയിട്ടുണ്ട്. ആശുപത്രികൾ പൂർണ്ണമായും നിറഞ്ഞിരിക്കുകയാണെന്ന് എപ്പിഡെമിയോളജിസ്റ്റും ആരോഗ്യ സാമ്പത്തിക വിദഗ്ധനുമായ എറിക് ഫീഗൽ-ഡിംഗ് പറഞ്ഞു.