തിരുവനന്തപുരം: സി പി എം സംസ്ഥാനസമിതിയിൽ പി ജയരാജൻ ഉന്നയിച്ച സാമ്പത്തികാരോപണവുമായി ബന്ധപ്പെട്ട് കൺവീനർ സ്ഥാനം ഒഴിയാൻ ഇ പി ജയരാജൻ സന്നദ്ധത അറിയിച്ചു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഒഴിയുന്നതെന്നാണ് സൂചന. പാർട്ടി പദവികളെല്ലാം ഒഴിയാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചതായി റിപ്പോർട്ട് ഉണ്ട്.
മൊറാഴയിലെ വൈദേകം റിസോർട്ടിൽ ഇ പി ജയരാജന് സാമ്പത്തിക ഇടപാടുണ്ടെന്ന് പി ജയരാജൻ ആരോപിച്ചിരുന്നു. ഈ ആരോപണത്തിന് പിന്നാലെ കഴിഞ്ഞ ദിവസം ഇ പി ജയരാജൻറെ ഭാര്യയും മകനും വിവാദ റിസോർട്ടിൻറെ ഡയറക്ടർ ബോർഡിൽ അംഗമാണെന്നുള്ള രേഖകൾ പുറത്ത് വന്നിരുന്നു. വിവാദം ഇത്രയേറെ കൊടുംബിരികൊണ്ടിട്ടും ഇ പി ഇക്കാര്യത്തിൽ കൃത്യമായ പ്രതികരണം നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. റിസോർട്ട് കോൺട്രാക്ടർ ആയ രമേശ് എന്നയാളുടേതാണെന്നും തനിക്ക് ഇതുമായി നേരിട്ട് യാതൊരു ബന്ധവുമില്ല എന്നുമായിരുന്നു റിസോർട്ട് വിഷയവുമായി ബന്ധപ്പെട്ട് ഇ പി പ്രതികരിച്ചത്.
പാർട്ടി സ്ഥാനത്തേക്ക് പുതിയ നേതൃത്വം വന്നതുമുതൽ ഇ പി ജയരാജന് അതൃപ്തി ഉണ്ടായിരുന്നു. എം ഗോവിന്ദൻ സംസ്ഥാന പാർട്ടി സെക്രട്ടറി ആയതുമുതൽ പാർട്ടി യോഗങ്ങളിലും പരിപാടികളിലും ഇ പി പങ്കെടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു സാമ്പത്തിക ആരോപണം വരുന്നത്. പാർട്ടി നേതൃത്വത്തിന് മനസിലാകുന്ന തരത്തിൽ കാര്യങ്ങൾ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് ഇ പി യോട്അടുത്ത വൃത്തങ്ങൾ അറിയിച്ചു.