കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എ സി മൊയ്തീന്‍ എംഎല്‍എയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. മച്ചാട് സർവീസ് സഹകരണ ബാങ്ക്, യൂണിയൻ ബാങ്ക് എന്നിവയിലെ സ്ഥിരം നിക്ഷേപമായ 31 ലക്ഷം രൂപയാണ് മരവിപ്പിച്ചത്. അതേസമയം, എസി മൊയ്തീനിനെ ഉടൻ ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. ചോദ്യം ചെയ്യലിനായി സമൻസ് അയക്കുന്നതിൽ ഇന്ന് തീരുമാനം എടുക്കും. ബാങ്ക് തട്ടിപ്പില്‍ മൊയ്തീന് പങ്കുണ്ടെന്ന് കണ്ടെത്തിയതോടെ ഇ ഡി നടത്തിയ റെയ്ഡിന് പിന്നാലെയാണ് നടപടി. എംഎല്‍എയുമായി അടുപ്പമുള്ള ആളുകളുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. മുന്‍ സഹകരണ വകുപ്പ് മന്ത്രിയും കുന്നംകുളം എംഎല്‍എയുമാണ് എ സി മൊയ്തീന്‍.
റെയ്ഡിനിടെ മൊയ്തീന്റെ ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങളും ആദായനികുതി റിട്ടേണിന്റെ വിശദാംശങ്ങളും ഒത്തുനോക്കിയ ഇഡി ഉദ്യോഗസ്ഥർ, ചില കാര്യങ്ങളിൽ വിശദീകരണം തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ സംശയങ്ങൾ ദുരീകരിക്കുന്നതിനാണ് മൊയ്തീനെ നോട്ടിസ് നൽകി വിളിപ്പിക്കാനുള്ള നീക്കം. അന്വേഷണസംഘം ആവശ്യപ്പെട്ടത് അനുസരിച്ച് വീടിന്റെ രേഖ, വായ്പ രേഖകൾ, വസ്തു സംബന്ധമായ രേഖകൾ എല്ലാം കൈമാറി. ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ ഓഫീസിൽ എത്തിക്കാമെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞുവെന്നും മൊയ്തീൻ വ്യക്തമാക്കി. അദ്ദേഹവുമായി ബന്ധമുള്ളവരുടെയും വീടുകളില്‍ ഇഡി എത്തി. ഇതിനിടെ എ സി മൊയ്തീനുമായി അടുപ്പമുള്ള മൂന്ന് പേരോട് കൊച്ചിയിലെ ഓഫീസിലെത്താന്‍ ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്.
കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളുടെ പങ്കാളിത്തത്തോടെ നടന്ന 300 കോടി രൂപയുടെ തട്ടിപ്പ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംഘമാണ്, ഇന്നലെ രാവിലെ മുതൽ ഇന്നു പുലർച്ചെ വരെ അദ്ദേഹത്തിന്റെ വസതിയിൽ റെയ്‍ഡ് നടത്തിയത്. ഏതാണ്ട് 22 മണിക്കൂർ നീണ്ട റെയ്ഡിനു ശേഷം ഇന്നു പുലർച്ചെ അഞ്ചു മണിയോടെയാണ് 12 അംഗ ഇഡി സംഘം മടങ്ങിയത്.
പൊലീസ് റെയ്ഡ് നടത്തിയ ബാങ്കുകളുമായി ബന്ധപ്പെട്ടു വായ്പാസ്വർണം വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന മഹാരാഷ്ട്ര സ്വദേശി അനിൽകുമാർ എന്ന സുഭാഷ്, പലിശയ്ക്കു കൊടുക്കുന്ന കണ്ണൂർ സ്വദേശി സതീശൻ എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു.