വൻ ഭൂകമ്പത്തെ തുടർന്ന് തുർക്കിയിലും സിറിയയിലും ഇതുവരെ മരണമടഞ്ഞവരുടെ എണ്ണം 21,000 കടന്നു. കണക്കുകൾ പ്രകാരം തുർക്കിയിൽ 17,100 മരണവും സിറിയയിൽ 3100 മരണവുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇപ്പോഴും നിരവധി പേർ പ്രദേശത്ത് കുടുങ്ങിക്കിടപ്പുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം തുടരുന്നുണ്ട്. പ്രദേശത്തെ പ്രതികൂല കാലാവസ്ഥ കാരണം രക്ഷാപ്രവർത്തനം ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ആവശ്യംവേണ്ട അടിസ്ഥാന വസ്തുക്കൾ ദുരന്തബാധിത പ്രദേശത്ത് എത്തിക്കാൻ കഴിയുന്നില്ല എന്നതാണ് രക്ഷാപ്രവർത്തനത്തിന്റെ മറ്റൊരു വെല്ലുവിളി.
സിറിയയിലെ വിമത മേഖലയിലേക്ക് ഐക്യരാഷ്ട്രസഭ സഹായം എത്തിച്ചു തുടങ്ങി. കൂടുതൽ സഹായങ്ങൾ ദുരന്തബാധിത മേഖലയിലേക്ക് എത്തിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭ്യർത്ഥിച്ചിട്ടുണ്ട്. പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ ലോക ആരോഗ്യ സംഘടനാ തലവൻ സിറിയയിലേക്ക് പോകും. കൂടുതൽ ലോകരാജ്യങ്ങൾ തുർക്കിയ്ക്ക് സഹായവുമായി എത്തിയിട്ടുണ്ട്.