ഛത്തീസ്‌ഗഡിൽ വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ സുക്‌മ ജില്ലയിൽ ഉണ്ടായ ഐഇഡി സ്‌ഫോടനത്തിൽ ജവാന് പരിക്കേറ്റു. നക്‌സലുകൾ നടത്തിയ ഐഇഡി സ്‌ഫോടനത്തിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സിആർപിഎഫ് ജവാനായ ശ്രീകാന്തിനാണ് പരിക്കേറ്റത്. കോബ്ര 206-ഉം സിആർപിഎഫ് സൈനികരും ക്യാമ്പ് തോണ്ടമാർകയിൽ നിന്ന് എൽമഗുണ്ട ഗ്രാമത്തിലേക്ക് പോകുമ്പോഴാണ് സംഭവം നടന്നത്. പട്രോളിംഗിനിടെ നക്‌സലുകൾ സ്ഥാപിച്ച ഐഇഡിയിൽ ചവിട്ടിയ ജവാന്റെ കാലിനാണ് പരിക്കേറ്റത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അദ്ദേഹം ഇപ്പോൾ സുരക്ഷിതനാണ്.
90 അംഗ ഛത്തീസ്‌ഗഡ് നിയമസഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് നവംബർ 17നും മറ്റ് നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ഡിസംബർ 3നും നടക്കും. ഛത്തീസ്‌ഗഡിൽ നക്‌സൽ ബാധിത പ്രദേശമായ ബസ്‌തർ ഡിവിഷൻ ഉൾപ്പെടെ 20 മണ്ഡലങ്ങളിലേക്കാണ് ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. സുഗമമായ പോളിംഗ് ഉറപ്പാക്കാൻ, 20 മണ്ഡലങ്ങളിലെ 600ലധികം പോളിംഗ് ബൂത്തുകൾക്ക് ത്രിതല സുരക്ഷാ കവചം ഒരുക്കിയിട്ടുണ്ട്.
രണ്ട് ദിവസത്തിനിടെ ഛത്തീസ്‌ഗഡിൽ ഇത് രണ്ടാം തവണയാണ് ഐഇഡി സ്‌ഫോടനം നടക്കുന്നത്. തിങ്കളാഴ്‌ച കാങ്കറിൽ ഐഇഡി സ്ഫോടനത്തിൽ ഒരു ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്) കോൺസ്‌റ്റബിളിനും രണ്ട് പോളിംഗ് ടീം അംഗങ്ങൾക്കും പരിക്കേറ്റിരുന്നു. കാലുകൾക്ക് പരിക്കേറ്റ ബിഎസ്എഫ് കോൺസ്‌റ്റബിളായ പ്രകാശ് ചന്ദിനെ ചികിത്സയ്ക്കായി ഛോട്ടേപേത്തിയയിലേക്ക് മാറ്റി.
അതേസമയം, ഐഇഡി സ്‌ഫോടനത്തിൽ രണ്ട് പോളിങ് ഓഫീസർമാർക്കും നിസാര പരിക്കേറ്റു.