പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ ടീമായ ബ്രസീലിനെ വീഴ്ത്തി ക്രൊയേഷ്യ തുടർച്ചയായ രണ്ടാം ലോകകപ്പ് സെമിയിൽ കടന്നു. അധിക സമയത്തിന്റെ ആദ്യ പകുതിയില്‍ ബ്രസീല്‍ നെയ്മറുടെ ഗോളില്‍ മുന്നിലെത്തിയപ്പോൾ ബ്രസീൽ സെമിയിലേക്കെന്ന് ഉറപ്പിക്കുന്നതിനിടെ ആണ് കളി അവസാനിക്കാന്‍ മൂന്ന് മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ജയമുറപ്പിച്ച ബ്രസീലിനെതിരെ ക്രൊയേഷ്യ സമനില ഗോള്‍ നേടിയത്. പിന്നീട് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോൾ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ക്രൊയേഷ്യ വിജയിച്ചത്. ക്രൊയേഷ്യയ്ക്കായി നിക്കോളാ വ്ലാസിച്ച്, ലോവ്‌റോ മയർ, ലൂക്കാ മോഡ്രിച്ച്, മിസ്‌ലാവ് ഓർസിച്ച് എന്നിവർ ലക്ഷ്യം കണ്ടു. ബ്രസീലിനായി കാസമിറോ, പെഡ്രോ എന്നിവർ ലക്ഷ്യം കണ്ടെങ്കിലും ആദ്യ കിക്കെടുത്ത റോഡ്രിഗോയുടെ ഷോട്ട് ക്രൊയേഷ്യൻ ഗോൾകീപ്പർ ഡൊമിനിക്ക് ലിവാക്കോവിച്ച് തടുത്തിട്ടു. നാലാം കിക്കെടുത്ത മാർക്വീഞ്ഞോസിന്റെ ഷോട്ട് പോസ്റ്റിൽത്തട്ടി തെറിച്ചതോടെ ബ്രസീൽ പുറത്തായി.
ലോകകപ്പിൽ ക്രൊയേഷ്യയുടെ മൂന്നാം സെമിയാണിത്. 1998ൽ മൂന്നാം സ്ഥാനം നേടിയ ക്രൊയേഷ്യ, 2018 ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനോടു തോറ്റ് രണ്ടാം സ്ഥാനത്തായി. ബ്രസീൽ പെനൽറ്റി ഷൂട്ടൗട്ടിൽ തോൽക്കുന്നത് 1986നു ശേഷം ഇതാദ്യമാണ്.2002ലെ ലോകകപ്പ് ഫൈനലിൽ ജർമനിയെ 2–0ന് തോൽപ്പിച്ചതിനു ശേഷം കളിക്കുന്ന ആറാം നോക്കൗട്ട് മത്സരത്തിലാണ് ബ്രസീൽ യൂറോപ്യൻ ടീമിനോടു തോറ്റ് പുറത്താകുന്നത്. ഇതിൽ നാലു തവണയും ക്വാർട്ടറിലാണ് ബ്രസീൽ തോറ്റത്. 2006ൽ ഫ്രാൻസിനോടും 2010ൽ നെതർലൻഡ്സിനോടും 2018ൽ ബെൽജിയത്തോടും തോറ്റു. പ്രീക്വാർട്ടറിൽ ജപ്പാന്റെ പോരാട്ടവീര്യത്തെയും പെനൽറ്റി ഷൂട്ടൗട്ടിൽ മറികടന്നതിനു പിന്നാലെയാണ്, ക്വാർട്ടറിൽ കരുത്തരായ ബ്രസീലിനെയും പെനൽറ്റി ഷൂട്ടൗട്ടിൽ ക്രൊയേഷ്യ വീഴ്ത്തിയത്. 2018ൽ റഷ്യയിൽ നടന്ന ലോകകപ്പിലും പ്രീക്വാർട്ടറിലും ക്വാർട്ടറിലും അവർ പെനൽറ്റി ഷൂട്ടൗട്ടിലാണ് ജയിച്ചത്.
ഒരിക്കല്‍ക്കൂടി ഷൂട്ടൗട്ടില്‍ ക്രൊയേഷ്യ വെന്നിക്കൊടി പാറിച്ചപ്പോള്‍ ഗാലറിയില്‍ ബ്രസീലിയന്‍ ആരാധകരുടെ കണ്ണീരൊഴുകി. ഡിസംബർ 13നു നടക്കുന്ന ഒന്നാം സെമിഫൈനലിൽ അർജന്റീന – നെതർലൻഡ്സ് ക്വാർട്ടർ വിജയികളാണ് ക്രൊയേഷ്യയുടെ എതിരാളികൾ.