സർവ്വകലാശാലാ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഒത്തുതീർപ്പിലെത്തിയതിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ കടുത്ത പ്രതിഷേധം. ഗവർണർക്കെതിരെ സുപ്രീംകോടതിയിൽ നിയമപോരാട്ടം തുടരുന്നതിനിടെ ഇത്തരമൊരു വിട്ടുവീഴ്ച ഉണ്ടായത് പാർട്ടിയുടെ രാഷ്ട്രീയ നിലപാടുകൾക്ക് തിരിച്ചടിയാണെന്ന് യോഗത്തിൽ വിമർശനം ഉയർന്നു.
തിങ്കളാഴ്ച ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ മുഖ്യമന്ത്രി തന്നെയായിരുന്നു സമവായ നീക്കത്തെക്കുറിച്ച് വിശദീകരിച്ചത്. എന്നാൽ മുതിർന്ന നേതാക്കളടക്കം ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു. ആർ.എസ്.എസ് അജണ്ടയെ പ്രതിരോധിക്കാനുള്ള പോരാട്ടത്തിൽ നിന്ന് സർക്കാർ പിന്നോട്ടു പോകുന്നത് രാഷ്ട്രീയമായി വലിയ വില നൽകേണ്ടി വരുമെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ ‘പി.എം ശ്രീ’ പദ്ധതിക്ക് വഴങ്ങിയതുപോലെ ഈ തീരുമാനവും സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും അഭിപ്രായം.
ഗവർണറുമായുള്ള സമവായ നീക്കം പാർട്ടി മുൻകൂട്ടി ചർച്ച ചെയ്തിരുന്നില്ലെന്നതും നേതാക്കളെ ചൊടിപ്പിച്ചു. എന്നാൽ, സർവ്വകലാശാലകളിലെ നിലവിലെ പ്രതിസന്ധി മറികടക്കാൻ ഇത്തരമൊരു പ്രത്യേക സാഹചര്യം അനിവാര്യമാണെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ഒത്തുതീർപ്പില്ലാതെ മുന്നോട്ടു പോകാനാവില്ലെന്ന് മുഖ്യമന്ത്രി നിലപാടിൽ ഉറച്ചു നിന്നതോടെയാണ് യോഗം തീരുമാനത്തെ അംഗീകരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാജ്ഭവനിൽ വെച്ച് മുഖ്യമന്ത്രി ഗവർണറുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചയിലാണ് വിസി നിയമനത്തിലെ അനിശ്ചിതത്വം അവസാനിപ്പിക്കാൻ ധാരണയായത്.

