മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണാ വിജയനെതിരായ ആരോപണത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടനെ വെല്ലുവിളിച്ച് സിപിഎം നേതാവ് എ.കെ ബാലനും മന്ത്രി മുഹമ്മദ് റിയാസും രംഗത്ത്. വീണാ വിജയന്‍ ഐജിഎസ്ടി കൊടുത്തതിന്‍റെ രേഖ പൊതുസമൂഹത്തിന് മുമ്പില്‍ കാണിച്ചാല്‍ മാത്യു കുഴല്‍നാടന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയാറാകുമോയെന്ന് എ.കെ ബാലന്‍ വെല്ലുവിളിച്ചു. മതിയായ നികുതി നൽകിയിട്ടില്ലെന്നുപറഞ്ഞ് ഇൻകം ടാക്സോ, ജി.എസ്.ടി. വകുപ്പോ വീണയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ടോയെന്ന് എ.കെ ബാലന്‍ ചോദിച്ചു. ഇതൊന്നും ചെയ്യാതെ വായിൽ തോന്നിയത് വിളിച്ചുപറയുകയാണെന്നും എ.കെ. ബാലൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടാണ് വീണയെ പ്രതിപക്ഷം വേട്ടയാടുന്നതെന്നും എ.കെ ബാലന്‍ പറഞ്ഞു
ആരോപണങ്ങൾ തെറ്റുമ്പോൾ വീണിടത്ത് കിടന്ന് ഉരുളുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. കുഴല്‍നാടന്‍ എവിടെനിന്നോ കിട്ടുന്ന വിവരങ്ങള്‍ വെച്ച് എന്തും വിളിച്ചുപറയുന്നു. പിന്നീട് ആരോപണങ്ങള്‍ തെറ്റുമ്പോള്‍ വീണിടത്ത് കിടന്ന് ഉരുളും. ഓരോരുത്തരും ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി ഇല്ല. മുഖ്യമന്ത്രിയുടെ മകള്‍ ആയതുകൊണ്ട് മാത്രമല്ല, നിരപരാധി എന്ന് അറിയാവുന്നത് കൊണ്ടാണ് പാര്‍ട്ടി വീണയ്ക്ക് ഒപ്പം നില്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞു. തുടര്‍ഭരണത്തില്‍ ഉറക്കം നഷ്ടപ്പെട്ടവരാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍. ഇവര്‍ മരുന്ന് കഴിക്കുന്നതാണ് നല്ലത്. നീതിക്കൊപ്പം എന്നും നിലനില്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഎം. പറയാനുള്ളതൊക്കെ പാര്‍ട്ടി സെക്രട്ടറി പറഞ്ഞിട്ടുണ്ട്. അതിനപ്പുറം ഒന്നും പറയാനില്ല എന്നും മന്ത്രി പറഞ്ഞു
സിഎംആർഎല്ലിൽ നിന്നും വാങ്ങിയ 1.72 കോടി രൂപക്ക് വീണ വിജയൻ നികുതിയടച്ചിട്ടില്ലെന്നും അഥവാ നികുതി അടച്ചിട്ടുണ്ടെങ്കിൽ അതിന്റെ രേഖകൾ പുറത്ത് വിടണമെന്നും, ഇടപാടിന് ഐജിഎസ്ടി ഇനത്തിൽ നൽകേണ്ട 30 ലക്ഷത്തോളം രൂപ വീണ വിജയൻ വെട്ടിച്ചുവെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എ.കെ ബാലന്‍ പ്രതികരിച്ചത്. 1.72 കോടി രൂപ കമ്പനികള്‍ തമ്മിലുള്ള കരാറിന്റെ പേരില്‍ ആണ് വീണയുടെ കമ്പനി വാങ്ങിയതെങ്കില്‍ ഇതിനുള്ള ജിഎസ്ടി നികുതി വീണയുടെ കമ്പനി ഒടുക്കിയിരുന്നോ എന്ന് സിപിഎം വ്യക്തമാക്കണം. 6 ലക്ഷം രൂപ മാത്രമാണ് വീണയുടെ കമ്പനി ജിഎസ്ടി അടച്ചത്. 30 ലക്ഷത്തോളം രൂപ ജിഎസ്ടി ഒടുക്കേണ്ടിടത്താണ് ഇത്. ഈ വിഷയം പരാതിയായി ധനമന്ത്രിക്ക് ഇമെയിലില്‍ താന്‍ ഇപ്പോള്‍ നല്‍കുകയാണ്. ഒന്നുകില്‍ വീണ മാസപ്പടി വാങ്ങിയെന്ന് അംഗീകരിക്കണം. ഇല്ലെങ്കില്‍ നികുതി വെട്ടിച്ചത് മാത്യു കുഴല്‍ നാടനല്ല വീണയാണെന്ന് സമ്മതിക്കണം എന്നും അദ്ദേഹം പറഞ്ഞു.