സുഖ്‍വിന്ദർ സിംഗ് സുഖുവിനെ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി കോൺഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. നാളെ 11 മണിക്ക് സത്യപ്രതിജ്ഞ നടക്കും. മുഖ്യമന്ത്രി സ്ഥാനത്തിനായി കൂടുതൽ പേര്‍ അവകാശവാദമുന്നയിച്ച സാഹചര്യത്തിൽ ഹൈക്കമാൻഡാണ് നേരിട്ട് മുഖ്യമന്ത്രിയെ തീരുമാനിച്ചത്. സ്വദേശമായ ഹമിർപുർ ജില്ലയിലെ നദൗൻ മണ്ഡലത്തിൽ നിന്ന് നാലാം തവണയും വിജയിച്ചാണ് സുഖ് വീന്ദർ സിംഗ് സുഖു മുഖ്യമന്ത്രിയാകുന്നത്. 3363 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇത്തവണ സുഖുവിന്റെ വിജയം.
മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദമായി പ്രതിഭാ സിംഗ് അടക്കം രംഗത്തെത്തിയെങ്കിലും കൂടുതൽ എംഎൽഎമാരുടെ പിന്തുണ ലഭിച്ചതാണ് സുഖ് വിന്ദറിന് നേട്ടമായത്. രജ്പുത് വിഭാഗത്തിൽ നിന്നുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്ന നേതൃത്വത്തിൻ്റെ നിലപാടും ഗുണമായി. സംസ്ഥാനത്ത് ഇതുവരെ മുഖ്യമന്ത്രിയായ ആറിൽ അഞ്ചുപേരും രജ്പുത്ത് വിഭാഗക്കാരാണ്. ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള മുകേഷ് അഗ്നിഹോത്രി ഉപ മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി സ്ഥാനത്തിനായി ആവശ്യമുന്നയിച്ച കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പ്രതിഭാ സിംഗിൻ്റെ സാന്നിധ്യത്തിലാണ് ഭൂപേഷ് ഭാഗേൽ പ്രഖ്യാപനം നടത്തിയത്. പ്രതിഭാ സിംഗിനെ അനുകൂലിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി കോൺഗ്രസ് ഓഫീസിന് മുന്നിൽ തടിച്ചുകൂടിയിരുന്നു