ജമ്മുവിൽ ഇന്നലെ ഉണ്ടായ രണ്ട് സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ നഗരത്തിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് ഏജൻസികൾ കൂടുതൽ അന്വേഷണം നടത്തി വരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരുടെ ചോദ്യംചെയ്യൽ തുടരുകയാണ്. സ്ഫോടന കേസുമായി ബന്ധപ്പെട്ട അന്വേഷണം എൻഐഎ യ്ക്ക് നൽകുമെന്നാണ് സൂചന. ജോഡോ യാത്ര കശ്മീരിൽ കടന്ന സാഹചര്യത്തിൽ രാഹുൽ ഗാന്ധിക്ക് സുരക്ഷ ശക്തമാക്കും.
ജമ്മുവിലെ നർവാളിൽ ഇന്നലെ പതിനൊന്നരയോടെയാണ് വർക്ക്ഷോപ്പിൽ പണിക്കായി കൊണ്ടുവന്നിരുന്ന രണ്ട് കാറുകൾ പൊട്ടിത്തെറിച്ചത്. അപകടത്തിൽ അഞ്ചോളം പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപ ജമ്മു ലെഫ് ഗവർണർ സഹായമായി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം കാശ്മീരിലേക്ക് കടന്ന ഭാരത് ജോഡോയാത്രാ നിർത്തിവയ്ക്കില്ലെന്ന് കോൺഗ്രസ് അറിയിച്ചു. ജോഡോ യാത്ര കാശ്മീരിൽ കടന്നു കഴിഞ്ഞാൽ ആക്രമണം ഉണ്ടാവാൻ സാധ്യതയുണ്ട് എന്ന് എൻ ഐ എ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് സംബന്ധിച്ച് രാഹുൽ ഗാന്ധിയോട് ചില ഭാഗങ്ങളിൽ കൽനടയാത്ര ഒഴിവാക്കണമെന്നും കാറിൽ യാത്ര ചെയ്യണമെന്നും നിർദ്ദേശിച്ചിരുന്നു. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിയുടെ സുരക്ഷ ശക്തമാക്കാൻ തീരുമാനമായിട്ടുണ്ട്. സുരക്ഷയ്ക്കായി കേന്ദ്രസേനയോടൊപ്പം ജമ്മു കാശ്മീർ പോലീസിനെയും നിയോഗിക്കും. യാത്രാസംഘം നിലവിൽ ദഗ്ഗർ ഹാവേലിയിലേക്ക് കടന്നിട്ടുണ്ട്.