അരുണാചൽ പ്രദേശിലെ തവാങ്ങിലെ യാങ്സിയിൽ ഇന്ത്യ–ചൈന സൈനികർ തമ്മിൽ ഇന്നലെ നടന്ന സംഘർഷത്തിന് മുൻപ് ചൈനീസ് ഡ്രോണുകൾ ആകാശമാർഗം അതിർത്തി കടക്കാൻ ശ്രമിച്ചെന്ന് വിവരം. തവാങിൽ യഥാർത്ഥ നിയന്ത്രണ രേഖയിലേക്ക് കടക്കാനായിരുന്നു ശ്രമം. ഇന്ത്യൻ വ്യോമസേനയുടെ ജെറ്റുകൾ ചൈനീസ് ഡ്രോണുകളെ തകർക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച പലതവണയായി വ്യോമാതിർത്തി ലംഘനമുണ്ടായതായാണ് റിപ്പോർട്ട്. ഇതോടെ മേഖലയിൽ യുദ്ധവിമാനങ്ങൾ വിന്യസിക്കാൻ ഇന്ത്യൻ സേന നിർബന്ധിതരായെന്നാണ് വിവരം.
ഇന്ത്യ-ചൈന സൈനിക സംഘർഷത്തെ തുടർന്ന് യഥാർത്ഥ നിയന്ത്രണ രേഖയിൽ അതീവ ജാഗ്രതയിലാണ് സൈന്യം. അരുണാചൽ പ്രദേശ് ഉൾപ്പെടെയുള്ള ഭാഗങ്ങളിലെ അതിർത്തി പ്രദേശങ്ങളിൽ ജാഗ്രത വർദ്ധിപ്പിച്ചു. ചൈനയുടെ വ്യോമാതിർത്തി ലംഘനം തടയാൻ അതിർത്തിയിൽ ഇന്ത്യ എയർ പട്രോളിങ് ശക്തമാക്കിയെന്നും വ്യോമസേനാ അധികൃതർ അറിയിച്ചു. വടക്കുകിഴക്കൻ പ്രദേശത്തെ നിയമന്ത്രണമേഖലയിൽ ചൈനീസ് ഡ്രോണുകളുടെ പ്രവർത്തനങ്ങൾ ഇന്ത്യൻ വ്യോമസേന സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഡ്രോണുകളോ വിമാനങ്ങളോ വ്യോമാതിർത്തി ലംഘിക്കാൻ ശ്രമിച്ചാൽ അത് തടയുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
ഈ മാസം 9ന് അരുണാചലിലെ തവാങ്ങിൽ ഇന്ത്യ – ചൈന അതിർത്തിയിൽ ഇരുരാജ്യങ്ങളുടെയും സൈനികർ തമ്മിൽ സംഘർഷമുണ്ടായതോടെയാണ് അതിർത്തി വീണ്ടും കലുഷിതമായത്. സംഭവത്തിൽ ഇരു പക്ഷത്തെയും ഏതാനും സൈനികർക്ക് നിസ്സാര പരുക്കേറ്റതായി കരസേനാ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ ഭാഗത്തേക്ക് അതിക്രമിച്ചു കയറാനുള്ള ചൈനീസ് സൈനികരുടെ ശ്രമം തടഞ്ഞതാണു സംഘർഷത്തിൽ കലാശിച്ചത്. ഇന്നലെ രാവിലെ 9 മണിയോടെയാണ് വീണ്ടും സംഘർഷം നടന്നത്. സൈനികർ തമ്മിൽ പരസ്പരം കല്ലെറിഞ്ഞു. പതിനഞ്ചിലധികം ചൈനീസ് പട്ടാളക്കാർക്ക് പരിക്കേറ്റെന്നാണ് വിവരം.