ചൈനക്ക് വൻ തിരിച്ചടി നൽകിക്കൊണ്ട് കോവിഡ് വ്യാപിക്കുകയാണ്. കോവിഡിനെ തടയാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അടച്ചിടൽ തുടരുകയാണ്. എന്നാൽ ഇന്നലെ മാത്രം രാജ്യത്ത് 31,527 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതിൽ 27,517പേർക്കും രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ലായിരുന്നുവെന്നു നാഷനൽ ഹെൽത്ത് ബ്യൂറോ പറയുന്നു. രോഗലക്ഷണങ്ങൾ ഇല്ലാത്ത കോവിഡ് ആണ് വ്യാപകമാവുന്നത്. സീറോ കോവിഡ് നയത്തില്‍ ഇളവ് വരുത്താൻ ചൈന തയാറെടുക്കുന്നതിനിടെയാണ് വീണ്ടും കേസുകൾ കുത്തനെ ഉയർന്നത്.
ഏപ്രില്‍ 13നുശേഷം ആദ്യമായാണ് ഒരുദിവസം ഇത്രയും അധികം പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്യുന്നത്. 28,000 പേർക്കായിരുന്നു എപ്രിൽ 13ന് രോഗം സ്ഥിരീകരിച്ചത്. കോവിഡിന്റെ രൂക്ഷമായ കെടുതികളെ മറികടക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും, സമ്പൂര്‍ണ അടച്ചിടല്‍ ഉള്‍പ്പെടെയുള്ള സീറോ കോവിഡ് നയം കർശനമായി പാലിക്കുകയും ചെയ്തുവെങ്കിലും രോഗവ്യാപനം ചൈനയെ പ്രതിസന്ധിയിൽ ആക്കുന്നുണ്ട്. ഓഹരിവിപണികളില്‍ ഇന്ന് കനത്ത ഇടിവുണ്ടായി. നിക്ഷേപകരും പിന്മാറ്റസൂചനകള്‍ നല്‍കിത്തുടങ്ങി.